തന്റെ വിവാഹം കഴിഞ്ഞുവെന്ന വിവരം പുറത്തുവിട്ട് ബോളിവുഡ് നടി രാഖി സാവന്ത്. ഇംഗ്ലണ്ടിൽ ബിസിനസുകാരനായ റിതേഷ് എന്ന 36കാരനെയാണ് രാഖി വിവാഹം കഴിച്ചത്. കഴിഞ്ഞ ജൂലൈ 28ന് മുംബൈയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിൽവച്ച് തങ്ങളുടെ വിവാഹം കഴിഞ്ഞുവെന്നാണ് രാഖി പറയുന്നത്. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും വിവാഹ ചടങ്ങുകൾ നടത്തിയെന്നാണ് രാഖി പറയുന്നത്. മാത്രമല്ല റിതേഷ് തന്റെ ആരാധകൻ കൂടിയാണെന്നും രാഖി വെളിപ്പെടുത്തി.
ദിവസേന ആരാധകരുടെ അനേകം സന്ദേശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ ഒരു ദിവസം ഞാൻ വിഷമിച്ചിരിക്കുന്പോൾ ലഭിച്ച സന്ദേശം എനിക്കത്ഭുതമായി. എന്താണ് വിഷമിച്ചിരിക്കുന്നത് എന്നായിരുന്നു സന്ദേശം. വിഷമച്ചിരിക്കുകയാണെന്ന് എങ്ങനെ മനസിലായി എന്ന് ഞാൻ ചോദിച്ചു. കാലങ്ങളായി എന്റെ ആരാധകനായതിനാൽ എന്റെ മനസറിയാൻ സാധിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. അദ്ദേഹത്തെ തന്നെയായിരിക്കും വിവാഹം കഴിക്കുകയെന്ന് അതോടെ എനിക്കുറപ്പായി- രാഖി പറയുന്നു.
ദീപിക പദുക്കോണിനെയും പ്രിയങ്ക ചോപ്രയേയും പോലുള്ള നടികൾക്ക് വിവാഹം കഴിഞ്ഞാലും സിനിമകൾ ലഭിക്കും. എന്നാൽ തന്നെപ്പോലെ ഐറ്റം ഡാൻസുകൾ ചെയ്യുന്നവർക്ക് വിവാഹം കഴിഞ്ഞാൽ സിനിമകൾ കിട്ടാൻ പ്രയാസമാണെന്നതിനാലാണ് വിവാഹ കാര്യം ആദ്യം മറച്ചുവയ്ക്കാൻ തോന്നിയതെന്നും എന്നാൽ ഇപ്പോൾ താൻ വളരെ സന്തുഷ്ടയാണെന്നും രാഖി പറയുന്നു.
തന്റെ ഭർത്താവിനെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഉടനെ വെളിപ്പെടുത്താൻ രാഖി ഉദ്ദേശിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ചശേഷം മാത്രം മാധ്യമങ്ങൾക്കു മുന്നിലെത്താമെന്ന അഭിപ്രായമാണ് റിതേഷിനെന്നും രാഖി സാവന്ത് പറയുന്നു.
ദീപക് കലാല്‍ എന്നയാളെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് കഴിഞ്ഞ വർഷം ഡിസംബറില്‍ രാഖി പറഞ്ഞിരുന്നു. എന്നാൽ ആ വിവാഹം നടന്നില്ല.