തെലുങ്ക് താരം റാണ ദഗുബാട്ടിക്ക് വൃക്ക ദാനം ചെയ്യാൻ അമ്മ തയാറായെന്ന അഭ്യൂഹം തെലുങ്ക് സിനിമാ ലോകത്ത് പ്രചരിക്കുന്നു. ചികിത്സയ്ക്കായി റാണ അമേരിക്കയിലേക്ക് തിരിച്ചെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.
വൃക്ക സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ഒരു കൊല്ലമായി റാണ മുംബൈയിലും ഹൈദരാബാദിലും ചികിത്സയിലായിരുന്നു. എന്നാൽ ഈ ചികിത്സ കൊണ്ട് ഫലമുണ്ടായില്ലെന്നും അതിനാൽ റാണ അമേരിക്കയിലേക്കു പോയെന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. വൃക്ക ദാനം ചെയ്യാൻ മാതാവ് തയാറാണെന്നും എന്നാൽ വൃക്ക മാറ്റിവയ്ക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരമാനമായില്ലെന്നും റിപ്പോർട്ടുകളുണ്ട്.
റാണ അഭിനയിക്കുന്ന പുതിയ ചിത്രമായ വിരാടപർവത്തിൽ ഇതുവരെ റാണ ജോയിൻ ചെയ്തിട്ടില്ല. എന്നാൽ തന്നെ രോഗവിവരത്തെപ്പറ്റി പ്രചരിക്കുന്ന ഇത്തരം വാർത്തകളോട് റാണ ഇതുവരെ പ്രതികരിച്ചിട്ടില്ല.