ജമ്നാ പ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷ് പിന്നീടു നിരവധി സിനിമകളിൽ നായികയായി. ഗായത്രിയുടെ തൃശൂർ ഭാഷയാണ് പലപ്പോഴും ശ്രദ്ധേയമായത്. മലയാളത്തിലെ മിക്കവാറും എല്ലാ യുവതാരങ്ങളുടെയും നായികയായി നടി അഭിനയിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രമാണ് ഗായത്രിയുടേതായി ഒടുവിൽ പുറത്തിറങ്ങിയിരുന്നത്.
സിനിമ മികച്ച പ്രതികരണം നേടിയാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിൽഡ്രൻസ് പാർക്കിൽ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു നടി അഭിനയിച്ചത്. അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിൽ ഗായത്രി നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു സ്വകാര്യ എഫ്എം റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്.
സിനിമയിൽ അവസരം വേണമെങ്കിൽ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലർ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് ഗായത്രി സുരേഷ് വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് തനിക്ക് ചില സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത്തരം സന്ദേശങ്ങൾക്കൊന്നും താൻ മറുപടി നൽകാറില്ലെന്നും നടി പറഞ്ഞു.
ഗായത്രി സുരേഷിനൊപ്പം ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് നടി പറയുന്നു. അതു തന്നെയാണ് അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മറുപടി.
അതേസമയം സ്ത്രീകൾക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ അയയ്ക്കുന്നവർക്ക് ചുട്ടമറുപടി നൽകണമെന്ന് ധ്രുവൻ തുറന്നുപറഞ്ഞു. തനിക്ക് വന്ന ഇത്തരം മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ താൽപര്യമില്ലെന്നും നടി പറഞ്ഞു.