കടുത്ത വരൾച്ചയെ തുടർന്ന് ദുരിതമനുഭവിക്കുന്ന ചെന്നൈ നഗരത്തിനു വേണ്ടി പ്രാർഥിക്കുന്നുവെന്ന് ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം തന്റെ ആശങ്ക പങ്കുവച്ചത്. ഒരു കിണറിനു ചുറ്റും നിന്ന് വെള്ളം കോരുന്ന സ്ത്രീകളുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തെ രക്ഷിക്കാൻ മഴയ്ക്കു മാത്രമേ സാധിക്കുകയുള്ളുവെന്നും സർക്കാർ നൽകുന്ന വെള്ളം ലഭിക്കുവാൻ ജനങ്ങൾക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്നുവെന്നും അദ്ദേഹം കുറിച്ചു. അധികൃതർ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നൈ നഗരത്തിനു വേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വളരെ വലിയ പ്രതികരണമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു.