മമ്മൂട്ടിയെ നായകനാക്കി എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലെ മമ്മൂട്ടിയുടെ ലുക്ക് തരംഗമാകുന്നു. വാളും പരിചയുമേന്തി നിൽക്കുന്ന പോരാളിയായ മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. മമ്മൂട്ടിക്കൊപ്പം നടൻ ഉണ്ണിമുകുന്ദനെയും മറ്റൊരു ബാലതാരത്തെയും പോസ്റ്ററിൽ കാണാം.
അതിനു ശേഷം പുറത്തുവിട്ട ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. പാറപ്പുറത്ത് നിൽക്കുന്ന മമ്മൂക്കയുടെ ചിത്രമായിരുന്നു അത്.
പഴശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ചരിത്ര സിനിമയാണ് മാമാങ്കം. മലപ്പുറത്തെ തിരുനാവായയിൽ ഭാരതപ്പുഴയുടെ തീരത്ത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തിയിരുന്ന നദീതീര ഉത്സവമായ മാമാങ്കത്തെ ആസ്പദമാക്കിയൊരുങ്ങുന്ന സിനിമയാണിത്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചതു മുതൽ തന്നെ ഏറെ വിവാദങ്ങളും തലപൊക്കിയിരുന്നു. ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നത് സജീവ് പിള്ളയെ ആയിരുന്നു. എന്നാൽ നിർമാതാവും അദ്ദേഹവുമുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സജീവ് പിള്ളയെ മാറ്റി എം. പദ്മകുമാറിനെ സംവിധാനം ഏൽപ്പിക്കുകയായിരുന്നു.
കനിഹ, അനു സിത്താര, തരുൻ രാജ് അറോറ, പ്രാചി തെഹ്ലൻ, സുദേവ് നായർ, സിദ്ധിഖ്, അബു സലീം എന്നിവരും സിനിമയി മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് സിനിമ നിർമിക്കുന്നത്.