തെന്നിന്ത്യൻ സിനിമയിലൂടെ തുടങ്ങി ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് തപ്സി പന്നു. മികച്ച അഭിനേത്രിയാണെങ്കിലും വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരാറുണ്ട്. ഒരു ടിവിഷോയിൽ താരം നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദത്തിന് ഹേതുവായിരിക്കുന്നത്.
സുഹൃത്തും നടനുമായ വിക്കി കൗശലിനൊപ്പമാണ് തപ്സി ഈ ഷോയിൽ പങ്കെടുത്തത്. വിക്കിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിക്കി നല്ലവനും മറ്റ് പുരുഷന്മാരൊക്കെ വൃത്തികെട്ടവരുമാണെന്ന തരത്തിൽ തപ്സി പരാമർശം നടത്തിയെന്നു പറഞ്ഞുകൊണ്ടാണ് താരത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.
തപ്സിയും വിക്കിയും പങ്കെടുത്ത ഹിറ്റ് ഷോയുടെ ടീസർ പുറത്തു വരുകയും അത് തരംഗമാകുകയും ചെയ്തശേഷമാണ് ഈ പുകിലുകളൊക്കെയുണ്ടായത്. എന്നാൽ താൻ പുരുഷന്മാരെപ്പറ്റി മോശം വാക്കുകളുപയോഗിച്ചു സംസാരിച്ചിട്ടില്ലെന്നും ചാനൽ പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പുറത്തു വിട്ടാൽ തന്നെ വിമർശിക്കുന്നവർക്ക് സത്യങ്ങൾ മനസിലാകുമെന്നും പറഞ്ഞുകൊണ്ടാണ് തപ്സി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.