+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അറയ്ക്കലച്ചൻ'- സമൂഹശുശ്രൂഷയിലെ ഫാ. ഡാമിയൻ

1978ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ അറയ്ക്കലച്ചനെ ആദ്യമായി കാണുന്നത്. പീരുമേട്ടിലെ പാവപ്പെട്ട ഗ്രാമീണകർഷകരുടെയും ഗിരിവർഗക്കാരുടെയും ഉന്നമനത്തിനുള്ള സാധ്യതക

1978ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന കാലത്താണ് ഞാൻ അറയ്ക്കലച്ചനെ ആദ്യമായി കാണുന്നത്. പീരുമേട്ടിലെ പാവപ്പെട്ട ഗ്രാമീണകർഷകരുടെയും ഗിരിവർഗക്കാരുടെയും ഉന്നമനത്തിനുള്ള സാധ്യതകൾ ആരാഞ്ഞുകൊണ്ടാണ് അദ്ദേഹം ഗ്രാമവികസന മന്ത്രാലയത്തിലെത്തിയത്, അന്നത്തെ സംഭാഷണത്തിൽ തുടങ്ങിയ ആത്മബന്ധം ഞങ്ങൾ തമ്മിൽ 42 വർഷമായി തുടരുന്നു. പീരുമേട് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ ചുമതലക്കാരനായിരിക്കേ മാത്യു അറയ്ക്കലച്ചൻ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പായി നിയമിതനായ ശേഷവും അദ്ദേഹത്തെ അറയ്ക്കലച്ചൻ എന്നാണ് ഞാൻ ആദരവോടെ വിളിക്കാറുള്ളത്. കാരണം ഒരു പുരോഹിതൻ എന്തായിരിക്കണം, എങ്ങനെയായിരിക്കണെ എന്നതിന് വലിയ മാതൃകയായി ഞാൻ കണ്ടറിഞ്ഞ അറയ്ക്കലച്ചനെ എക്കാലവും അച്ചൻ എന്നു വിളിക്കാനാണ് താത്പര്യം. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുള്ള എന്നെ സംബന്ധിച്ചിടത്തോളം മാതൃകയാക്കാവുന്ന ഒരു നല്ല ക്രിസ്ത്യാനിയും ഒരു നല്ല പുരോഹിതനുമാണ് അറയ്ക്കലച്ചൻ.

എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ സ്വന്തം ജീവിതം സന്ദേശമാക്കിയ പുരോഹിതശ്രേഷ്ഠനാണ്, അഭിമാനത്തോടെയും ആദരവോടെയും കാണുകയും അറിയുകയും ചെയ്യുന്ന അറയ്ക്കലച്ചൻ.

പീരുമേട്ടിൽ നിന്ന് 1978ൽ ഡൽഹിയിലെത്തി എന്നെ കാണുമ്പോൾ പീരുമേട്ടിലെ അവികസിത മേഖലയിൽ അദ്ദേഹം ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചതിൽ തുടങ്ങുന്നു എന്‍റെ ഓർമകൾ. ആ പ്രവർത്തനങ്ങളിൽ എനിക്കു വലിയ ആദരവും ആവേശവും തോന്നി. എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും, പ്രത്യേകിച്ച് ഏവരാലും അവഗണിക്കപ്പെട്ടിരുന്ന ഗിരിവർഗവിഭാഗക്കാർക്കു വേണ്ടിയും അവർക്കിട‍യിലേക്ക് ഇറങ്ങിച്ചെന്നു സേവനം ചെയ്യാനും അവരോടൊപ്പം ജീവിക്കാനും ഒരു പുരോഹിതൻ മുന്നിട്ടിറങ്ങിയതിൽ എനിക്ക് ആദരവു തോന്നി. ഈ വികാരവും തിരിച്ചറിവുമാണ് അച്ചനുമായി കൂടുതൽ സൗഹൃദത്തിനും സഹകരണത്തിനും എന്നെ പ്രേരിപ്പിച്ചത്. നാടിന്‍റെ പൊതുവായ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലുമാണ് എക്കാലത്തും അദ്ദേഹം ശ്രദ്ധവച്ചിരുന്നത്. അതിനുള്ള സാധ്യതകളെപ്പറ്റി അറയ്ക്കലച്ചന് അറിവും പ്രായോഗികമായ കാഴ്ചപ്പാടുമുണ്ടായിരുന്നു. വാക്കിനെയും പ്രസംഗത്തെയുംകാൾ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം ശ്രദ്ധവച്ചു. എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് ക്ഷേമം ഉറപ്പാക്കാനും ആവശ്യമുള്ള സഹായം എത്തിച്ചുകൊടുക്കാനും ശ്രമകരമായ സേവനമാണ് നടത്തിയത്.

ഗ്രാമപ്രദേശങ്ങളിലെ തൊഴിൽരഹിതരെ സംഘടിപ്പിച്ച് കൃഷിയും സ്വയംതൊഴിൽ സംരംഭങ്ങളും ആരംഭിക്കുന്നതിൽ രാജ്യത്തിനു തന്നെ പിഡിഎസ് മാതൃക കാണിച്ചു. അച്ചന്‍റെ സംരംഭങ്ങളും പ്രവർത്തനശൈലിയും വിവിധ സംസ്ഥാനങ്ങളിൽ മാതൃകയാക്കാൻ ഞാനും ആഗ്രഹിച്ചു. ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റിയെടുക്കാനും കുടുംബങ്ങളെ സ്വയംപര്യാപ്തമാക്കാനും വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ അച്ചനു സാധിച്ചതായി ഞാൻ കണ്ടു മനസിലാക്കിയിട്ടുണ്ട്. വിസ്മയം സൃഷ്ടിച്ച പിഡിഎസ് വികസന മാതൃക നേരിൽ കാണാനും അറിയാനും ഞാൻ പലപ്പോഴും പീരുമേട്ടിലും ഏലപ്പാറയിലും കാഞ്ഞിരപ്പള്ളിയിലും പോയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം പടുത്തുയർത്തിയ അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും പോയിട്ടുണ്ട്.

കുഷ്ഠരോഗികൾക്കായി ജീവിതം സമർപ്പിച്ച ഫാദർ ഡാമിയനെക്കുറിച്ച് നാമൊക്കെ കേട്ടിട്ടുണ്ട്, മറ്റൊരു ശുശ്രൂഷാ മേഖലയിലാണ് തെരഞ്ഞെടുത്തതെങ്കിലും അറയ്ക്കലച്ചൻ നിറവേറ്റിയത് ഫാ. ഡാമിയന്‍റെ അതേ മനോഭാവമുള്ള സേവനവും ശുശ്രൂഷയുമാണെന്നു പറയാം.

പീരുമേട്ടിലെ ജൈവകൃഷിയിടങ്ങളും നൂതനകൃഷിരീതികളും ആയുർവേദ തോട്ടവുമൊക്കെ കാണാനിടയായിട്ടുണ്ട്. കാർഷിക മൂല്യവർധനയ്ക്കായി തുടങ്ങിയ നൂതന സംരംഭം രാജ്യത്തിനു തന്നെ മാതൃകയാണ്. ഒട്ടേറെ കർഷകർക്കും ഗിരിവർഗക്കാർക്കും തൊഴിലും മെച്ചപ്പെട്ട വരുമാനവും നേടിക്കൊടുക്കുന്നു. തേനും പാലും ഒഴുകുന്ന നാടായി ഹൈറേഞ്ച് മാറി എന്നതാണ് അറയ്ക്കലച്ചന്‍റെ പ്രവർത്തനങ്ങളിലൂടെ നാടിനുണ്ടായ നേട്ടം. അദ്ദേഹത്തിന്‍റെ ജനകീയ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ സഹായിച്ചു എന്നല്ല, സഹകാരിയാകാൻ സാധിച്ചതിലാണ് എനിക്ക് സംതൃപ്തി. കേന്ദ്രസർക്കാർ ഓരോ കാലത്തും ഗ്രാമീണവികസനത്തിന് പദ്ധതികൾ ആവിഷ്കരിക്കുമ്പോഴൊക്കെ അതിനുള്ള സാധ്യതകളും അവസരവും ഞാൻ അച്ചനെ അറിയിച്ചുകൊണ്ടിരുന്നു. അച്ചൻ ജനക്ഷേമത്തിനായി ഒരു പദ്ധതി ഏറ്റെടുത്താൽ അതിന്‍റെ പൂർണതയിൽ എല്ലാവരെയും ഒരുമിപ്പിച്ച് അത് നടപ്പാക്കി വിജയിപ്പിക്കും എന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.

എല്ലാ മതമേലധ്യക്ഷന്മാർക്കും പുരോഹിതർക്കും അനുകരണീയമായ ജീവിതമാതൃകയാണ് അറയ്ക്കലച്ചൻ കാണിച്ചുതന്നത്. എല്ലാ മതനേതാക്കളും പൊതുപ്രവർത്തകരും ഇത്തരത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരായാൽ നമ്മുടെ രാജ്യം വലിയ വളർച്ചയും വികസനവും നേടും. എല്ലാ ജനവിഭാഗങ്ങളെയും ഉൾ‌ക്കൊള്ളാനും ഉദ്ധരിക്കാനും കൈപിടിച്ചു നയിക്കാനും വളർത്താനും ആത്മാർഥതയുള്ള വലിയ മനസിന്‍റെ ഉടമയാണ് അറയ്ക്കലച്ചൻ എന്നതാണ് എനിക്ക് അദ്ദേഹത്തിലുള്ള സ്നേഹാദരവിന് അടിസ്ഥാനം. സാധാരണക്കാരുടെ ജീവിത ദുരിതങ്ങളും പരിമിതികളും അദ്ദേഹത്തിന് നന്നായി അറിയാം. കാരണം, അത്തരത്തിലുള്ള സമൂഹത്തിനൊപ്പമാണല്ലോ അദ്ദേഹം അമ്പൂരിയിലും പീരുമേട്ടിലും കുട്ടിക്കാനത്തും ഏലപ്പാറയിലുമൊക്കെ പ്രവർത്തിച്ചത്. വ്യക്തി എന്ന നിലയിൽ അച്ചന്‍റെ ലാളിത്യവും സ്നേഹവും കരുണയും വിശ്വാസ്യതയുമാണ് വലിയൊരു ജനസമൂഹത്തെ തന്നിലേക്ക് അടുപ്പിക്കാൻ കാരണമായത്.

ടി.കെ.എ. നായർ ഐഎഎസ്
(മുൻ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി)

(ഡോ. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരിക്കേ 10 വർഷം കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഉപദേശകനുമായിരുന്നു 1963 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ടി.കെ. അയ്യപ്പൻനായർ. എ.ബി. വാജ്പേയി, എ.കെ. ഗുജ്റാൾ എന്നീ പ്രധാനമന്ത്രിക്കൊപ്പവും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പഞ്ചാബ് ചീഫ് സെക്രട്ടറി, കേന്ദ്ര പരിസ്ഥിതി വനം ആസൂത്രണ മന്ത്രാലയങ്ങളുടെ സെക്രട്ടറി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. ഇദ്ദേഹം കേന്ദ്ര ഗ്രാമവികസന വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കേ 1978ലാണ് ഫാ. മാത്യു അറയ്ക്കൽ പീരുമേട് വികസനത്തിനുള്ള സാധ്യതകൾ ആരായാൻ‌ ഡൽഹിയിലെത്തുന്നത്. അയ്യപ്പൻനായരും മാർ മാത്യു അറയ്ക്കലും തമ്മിലുള്ള അടുപ്പം 42 വർഷമായി ഊഷ്മളമായി തുടരുന്നു. ഒട്ടേറെ വികസന പദ്ധതികൾ പിഡിഎസിലൂടെ കേരളത്തിൽ നടപ്പാക്കാൻ അയിരൂർ സ്വദേശിയായ ടി.കെ.എ. നായർ ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്.)

More in All :