+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി യുകെ "പിറ്റി' അനുസ്മരണം നടത്തി

ലണ്ടൻ: ഒഐസിസി (യുകെ) യുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്തിയ പിറ്റി തോമസ് എം എൽ എ അനുസ്മരണം ജന പങ്കാളിത്തം കൊണ്ടും അനുഭവ സ്പർശിയായ പങ്കുവക്കലും അനുസ്മരണ സന്ദേശങ്ങളും കൊണ്ട് അവിസ്മരണീയമായി.സൂം മീറ്റിങ
ഒഐസിസി യുകെ
ലണ്ടൻ: ഒഐസിസി (യുകെ) യുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്തിയ പിറ്റി തോമസ് എം എൽ എ അനുസ്മരണം ജന പങ്കാളിത്തം കൊണ്ടും അനുഭവ സ്പർശിയായ പങ്കുവക്കലും അനുസ്മരണ സന്ദേശങ്ങളും കൊണ്ട് അവിസ്മരണീയമായി.

സൂം മീറ്റിങ്ങിലൂടെ ഒരുക്കിയ പ്ലാറ്റ്ഫോമിൽ നടത്തിയ അനുശോചന യോഗം വിശ്വസ്ത സുഹൃത്തും കോൺഗ്രസിന്‍റെ സന്തത സഹചാരിയുമായ ഡിജോ കാപ്പൻ ഉദ്‌ഘാടനം ചെയ്തു സന്ദേശം നൽകി.

അർബുദ രോഗത്തിന്‍റെ തീവ്രത മനസിലാക്കുവാനും, മരണത്തെ മുന്നിൽക്കണ്ട്, മരണ ശേഷമുള്ള സൽക്രിയകളിൽ തന്‍റേതായ അഭിപ്രായം പറയുവാനും രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധതയിൽ പുലർത്തി പോന്ന ജീവിത ശൈലിക്കു തെല്ലും പോറലേൽക്കാതെ, സ്വകുടുംബത്തിനോ വിശ്വാസ സംഹിതകൾക്കോ ബാദ്ധ്യതയോ അർഥശങ്കകൾക്കോ ഇടനൽകാതെ അന്ത്യോപചാര-സംസ്കാര ശുശ്രൂഷകൾ ആവിഷ്‌ക്കരിക്കുവാനും അതെങ്ങനെയൊക്കെ ക്രമീകരിക്കണം എന്നുമുള്ള അന്ത്യാഭിലാഷങ്ങൾ പ്രാവർത്തികമാക്കുവാൻ ഭരമേല്പിച്ച ഡിജോ കാപ്പൻ എന്ന വിശ്വസ്തൻ നൽകിയ സന്ദേശം ഏറെ വികാരഭരിതമായിരുന്നു.

കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ നൽകിയ അനുസ്മരണ പ്രസംഗം പിറ്റിയുടെ ദേഹവിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനേൽപ്പിച്ച കനത്ത നഷ്‌ടത്തേയും അദ്ദേഹത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും, ഏതു വിഷയത്തിലും പഠിച്ചു അവഗാഹം നേടിയ ശേഷം മാത്രം നടത്തുന്ന പ്രതികരണങ്ങളും കറകളഞ്ഞ പരിസ്ഥിതി, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക ചിന്തകൻ , മാനുഷിക സ്നേഹവും പ്രതിബദ്ധതയും പുലർത്തുന്ന നട്ടെല്ലുള്ള നേതാവ് എന്നീ നിലകളിൽ കേരള ജനതയ്ക്കു അഭിമതനായ വ്യക്തിത്വത്തെ ഓർമിപ്പിക്കുന്നതായി.

ബ്രിസ്റ്റോൾ മുൻ മേയറും കൗൺസിലറുമായ ടോം ആദിത്യ, പ്രമുഖ മാധ്യമപ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോം ജോസ് തടിയൻപാട്, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസ് കുമ്പിളുവേലിൽ (ജർമനി), കേരള കോൺഗ്രസ് പ്രതിനിധിയും മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ. ജോസഫ് , ഐഒസി പ്രതിനിധി ബോബിൻ ഫിലിപ്പ്, മോഡറേറ്ററും മുഖ്യ സംഘാടകനായ ഡോ. ജോഷി ജോസ് എന്നിവർ പിറ്റിയെ അനുസ്മരിച്ചു.

കെഎംസിസി യുകെ ഘടകത്തിന്‍റെ പ്രതിനിധികളായി എത്തിയ സഫീർ പേരാമ്പ്ര, അർഷാദ് കണ്ണൂർ, കേരള കോൺഗ്രസ് പ്രതിനിധികളായ ജിപ്സൺ തോമസ്, സോണി കുര്യൻ, ഐഒസി പ്രതിനിധി അജിത് മുതയിൽ, ഒഐസിസി വനിതാ കോഓർഡിനേറ്റർ ഷൈനു മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി.

അപ്ഫാ ഗഫൂർ ആലപിച്ച പിറ്റിയുടെ ഇഷ്‌ട ഗാനമായ 'ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം...' എന്ന ഗാനം ആലപിച്ചു. ഒഐസിസി യു കെ പ്രസിഡന്‍റ് മോഹൻദാസ് പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു.

അപ്പച്ചൻ കണ്ണഞ്ചിറ