+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ

ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഇന്ത്യൻ സർക്കാരിനും, കേരള സർക്കാരിനും സമർപ്പിച്ചതായി ഭാരവാഹികളായ മനോജ് കുമാർ പിള്ള,
ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണം: യുക്മ
ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലെത്തുന്നവർക്ക് ക്വാറന്‍റൈൻ നിയമങ്ങൾ ലളിതമാക്കണമെന്ന് യുക്മ. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഇന്ത്യൻ സർക്കാരിനും, കേരള സർക്കാരിനും സമർപ്പിച്ചതായി ഭാരവാഹികളായ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസൂഖ് മാണ്ഡവ്യ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, യുകെയിലെ ഹൈക്കമ്മീഷണർ എന്നിവർക്കാണ് നിവേദനങ്ങൾ സമർപ്പിച്ചത്.

ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ഏകദേശം തൊണ്ണൂറ് ശതമാനത്തിനടുത്ത് രണ്ട് ഡോസ് വാക്സിനുകൾ കൊടുക്കുകയും, ബൂസ്റ്റർ ഡോസ് വാക്സിൻ അതിവേഗത്തിൽ ജനങ്ങൾക്ക് കൊടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ് യുകെ.

യുകെയിൽ നിന്നും ഒന്നോ രണ്ടോ ആഴ്ചകളിലേക്കായി വളരെ അത്യാവശ്യ സാഹചര്യങ്ങൾക്ക് (മരണം, ചികിത്സ, മറ്റ് വ്യക്തിപരമായ കാര്യങ്ങൾ) നാട്ടിലെത്തിച്ചേരുന്നവർക്കായി നവംബർ 30 മുതൽ കോവിഡിന്‍റെ പുതിയ വകഭേദം "ഒമിക്രോൺ വേരിയെന്‍റ്' മുൻനിറുത്തിയാണ് രണ്ടാഴ്ചത്തെ ക്വാറന്‍റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു മൂലം അത്യാവശ്യകാര്യങ്ങൾക്കും വളരെ നാളുകളായി നാട്ടിൽ പോകാൻ സാധിക്കാത്തതിനാൽ കുടുംബമൊന്നിച്ച് ഡിസംബറിൽ ക്രിസ്മസ് അവധി പ്രമാണിച്ച് മാതാപിതാക്കൻമാരെയും ബന്ധുക്കളെയും സന്ദർശിക്കാൻ ടിക്കറ്റെടുത്തവർക്കും വലിയ തിരിച്ചടിയാണ് നിലവിലെ ക്വാറന്‍റൈൻ നിയമങ്ങൾ വഴി ഉണ്ടായിരിക്കുന്നത്.

യാത്ര പുറപ്പെടുന്നതിനു മുൻപും, നാട്ടിലെത്തിയ ശേഷവുമുള്ള കോവിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആയിട്ടുള്ള ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ക്വാറന്‍റൈൻ നിയമങ്ങൾ ലഘൂകരിക്കുകയും ലളിതമാക്കുകയും ചെയ്യണമെന്നാണ് യുക്മ നേതൃത്വം സമർപ്പിച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.