+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീറോ മലബാർ സഭയുടെ ഹെൽപ്പ് ഇന്ത്യ- കോവിഡ് ഹെൽപ്പ് ആദ്യഘട്ട സഹായം കൈമാറി

ഡബ്ലിൻ :സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച `കോവിഡ് 19 ഹെൽപ്പ് ഇൻഡ്യാ` ചാരിറ്റി കളക്ഷന്‍റെ ആദ്യഗഡുവായ് 10 ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. കോവിഡ് ഏറ്റവുമധികം ബാധിച്ച നോർത്ത് ഇന്ത്യയിലേയ്ക്കുള്ള ഉപ
സീറോ മലബാർ സഭയുടെ ഹെൽപ്പ് ഇന്ത്യ- കോവിഡ് ഹെൽപ്പ് ആദ്യഘട്ട സഹായം കൈമാറി
ഡബ്ലിൻ :സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച `കോവിഡ് 19- ഹെൽപ്പ് ഇൻഡ്യാ` ചാരിറ്റി കളക്ഷന്‍റെ ആദ്യഗഡുവായ് 10 ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. കോവിഡ് ഏറ്റവുമധികം ബാധിച്ച നോർത്ത് ഇന്ത്യയിലേയ്ക്കുള്ള ഉപയോഗത്തിനായ് ഡൽഹി ഫരിദാബാദ് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കാണ് ഉപകരണങ്ങൾക്കായ് അഞ്ചുലക്ഷം രൂപ (5859.12 യൂറോ) കൈമാറിയത്.

ഹൈദ്രാബാദ് കേന്ദ്രമായ് ഗവൺമെന്‍റ് അംഗീകാരത്തോടെ അദിലാബാദ് രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി ആരംഭിക്കുന്ന കോവിഡ് സെന്‍ററിനായ് 8688.61 യൂറോ നൽകി. കോവിഡ് കെയർ സെൻ്റർ ആരംഭിക്കുന്നതിനുള്ള ഉപകരണങ്ങൾക്കായാണ് ഈ തുക ചിലവഴിക്കുക. കോവിഡ് ബാധിതരായവരുടെ ചികിൽസക്കായ് ആരംഭിക്കുന്ന 30 ബെഡ് കോവിഡ് ക്ലിനിക്കിൽ ഓക്സിജൻ കോൺസൻ്റേർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.


കോവിഡ് പ്രതിസന്ധിമൂലം കഷ്ടപ്പെടുന്ന ഇന്ത്യയിലെ ജനങ്ങളെ സഹായിക്കാൻ ഡബ്ലിൻ സീറോ മലബാർ സഭ ആരംഭിച്ച പദ്ധതിയിൽ സഭാഗങ്ങളും, സന്മനസുള്ള ഐറീഷ് ഇടവകാംഗങ്ങളും ചേർന്ന് ജൂൺ 7 വരെ 26720 യൂറോ നൽകി. തുടർന്നും സഹായം നൽകാൻ താത്പര്യമുള്ളവർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി (www.syromalabar.ie) സഹായം നൽകുവാൻ അവസരമുണ്ട്.

നോർത്ത് ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഷംഷാബാദ് `പ്രേം മാർഗ്ഗ്` സോഷ്യൻ സർവ്വീസ് സൊസൈറ്റിവഴിയും ചെന്നൈ (മദ്രാസ്) കേന്ദ്രമായ് ഹോസൂർ രൂപത വഴിയും സഹായം ഉടൻ കൈമാറും. കോവിഡ് മൂലം കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മെഡിക്കൽ സഹായം, ഭക്ഷണം തുടങ്ങിയവയ്ക്കായും ഈ സഹായം ഉപയോഗിക്കും

ഫരിദാബാദ് രൂപതയുടെ ചാരിറ്റിയിൽ, പ്രത്യേകിച്ച് കോവിഡ് കെയർ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിൽ അയർലണ്ടിലെ സീറോ മലബാർ സമൂഹം കാണിച്ച ഔദാര്യത്തേയും ഐക്യദാർഢ്യ പൂർണ്ണമായ മനോഭാവത്തേയും അഭിനന്ദിക്കുന്നതായും, അഭൂതപൂർവമായ ഈ കാലഘട്ടത്തിൽ അയർലണ്ടിൽനിന്ന് നൽകിയ സഹായം നിരവധി ആളുകളെ അതിജീവിക്കാൻ സഹായിക്കുകയും, പ്രതീക്ഷ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്തതായി ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നന്ദി സന്ദേശത്തിൽ അറിയിച്ചു.

റിപ്പോർട്ട്: ജെയ്സൺ കിഴക്കയിൽ