ബംഗളുരു: കൊളംബിയ ഏഷ്യ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ (കൊളംബിയ ഏഷ്യ) 100 ശതമാനം ഓഹരികളും മണിപ്പാൽ ഹോസ്പിറ്റൽസ് ഏറ്റെടുത്തു. എല്ലാ നിയമപരമായ അനുമതികളും ലഭിച്ചതിനെ തുടർന്നാണ് ഏറ്റെടുക്കൽ പൂർത്തിയായത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായി മണിപ്പാൽ ഹോസ്പിറ്റൽ ഈ ഏറ്റെടുക്കലോടു കൂടി മാറി.
മണിപ്പാൽ ഹോസ്പിറ്റൽസിന്റെ ശക്തമായ ക്ലിനിക്കൽ അനുഭവപരിജ്ഞാനവും സേവനങ്ങളുടെ വ്യാപ്തിയും കൊളംബിയ ഏഷ്യയുടെ ക്ലിനിക്കലും മറ്റു സേവനങ്ങളുടെ ഗുണനിലവാരവും ലയിച്ചുചേർന്ന സ്ഥാപനം രാജ്യത്ത് വർധിച്ചു വരുന്ന ഗുണനിലവാരമുള്ള മൂന്നാം ഘട്ട, നാലാംഘട്ട ആരോഗ്യപരിരക്ഷാ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ പ്രാപ്തമാണ്.
പ്രമുഖ ആരോഗ്യപരിരക്ഷാ ദാതാക്കളായ രണ്ട് സ്ഥാപനങ്ങൾ ഒന്നായി പ്രവർത്തിക്കുന്നതിനുള്ള എല്ലാ നിയമപരമായ പ്രക്രിയകളും പൂർത്തിയായതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് മണിപ്പാൽ എഡ്യൂക്കേഷൻ ആന്റ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി) ചെയർമാൻ ഡോ. രഞ്ജൻ പൈ പറഞ്ഞു. ഞങ്ങളുടെ എല്ലാ രോഗികൾക്കും ലോകോത്തര ചികിത്സാനുഭവം നൽകുന്നതിനായി രണ്ട് സംവിധാനങ്ങളിലുമുള്ള മികച്ചതിനെ സ്വാംശീകരിച്ചു കൊണ്ടുള്ള കൂടിച്ചേരലിലാണ് ഇപ്പോഴത്തെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നതിലൂടെ മണിപ്പാൽ ഹോസ്പിറ്റൽസിന്റെ ദേശീയ തലത്തിലെ സാന്നിദ്ധ്യം വർധിപ്പിക്കാൻ സാധിക്കും. ലയനത്തോടെ മണിപ്പാൽ ഹോസ്പിറ്റൽസിന് കീഴിൽ 14 നഗരങ്ങളിലായി 26 ആശുപത്രികൾ വരും. 7000ൽ അധികം കിടക്കകളും 4000ത്തിൽ അധികം ഡോക്ടർമാരും 10,000ൽ അധികം ജീവനക്കാരും അടങ്ങിയ പ്രതിഭാസന്പത്തുള്ള ആശുപത്രി ശൃംഖലയായി മണിപ്പാൽ. വർഷം നാല് മില്യണ് രോഗികളെ ചികിത്സിക്കുന്ന ഈ ആശുപത്രി ശൃംഖ ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാ സേവനദാതാക്കളുടെ കൂട്ടത്തിലാണുള്ളത്.
രണ്ട് സ്ഥാപനങ്ങളിലും അധിഷ്ഠിതമായിട്ടുള്ള ക്ലിനിക്കൽ, സേവന മികവുകൾ കൂടുതൽ രോഗികൾക്ക് സേവനം നൽകുന്നതിലേക്ക് നയിക്കുമെന്നതിനാൽ മണിപ്പാൽ, കൊളംബിയ ഏഷ്യ കൂട്ടുക്കെട്ടിനെ താൻ വളരെയധികം ആവേശത്തോടെയാണ് കാണുന്നതെന്ന് കൊളംബിയ പെസിഫിക് മാനേജ്മെന്റ് ചെയർമാനായ ഡാൻ ബാട്ടി പറഞ്ഞു.
ബംഗളുരുവിലെ ഹെബ്ബാളിൽ 2005-ൽ കൊളംബിയ ഏഷ്യ ഹോസ്പിറ്റൽസിന് ബംഗളുരു, മൈസൂർ, കൊൽക്കത്ത, ഗുരുഗ്രാം, ഗാസിയാബാദ്, പട്യാല, പൂനെ എന്നീ നഗരങ്ങളിലെ 11 ആശുപത്രികളിലായി 1300 കിടക്കകളും 1200 ഡോക്ടർമാരും 4000 ജീവനക്കാരുമുണ്ട്.
കൊളംബിയ ഏഷ്യ ഹോസ്പിറ്റലിന്റെ നൂറുശതമാനം ഓഹരികളും മണിപ്പാൽ ഹോസ്പിറ്റൽസ് ഏറ്റെടുത്തു
10:53 PM May 03, 2021 | Deepika.com