+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വിസ്മയ സാന്ത്വനം' സ്പെഷൽ കലാമേള ഏപ്രിൽ 18 ന്

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്‍റര്‍ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന "വിസ്മയ സാ
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്‍റര്‍ എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന "വിസ്മയ സാന്ത്വനം' എന്ന സ്പെഷൽ കലാമേള ഏപ്രിൽ 18 നു (ഞായർ) നടക്കും.

‌പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് പരിപാടി അവതരിപ്പിക്കുന്നത്. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കുട്ടികളും ചേര്‍ന്നൊരുക്കുന്ന ഈ ദൃശ്യവിരുന്ന് യുകെ സമയം 2 PMനും ഇന്ത്യന്‍ സമയം 6.30 PM നുമായി യുകെ, അയര്‍ലൻഡ് എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ കാണുവാനാകും. യുക്മയുടെ ആഭിമുഖ്യത്തിലാണ് യുകെയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം. ചെറിയ പരിമിതികളിൽ പോലും മനസ് തളർന്നു ജീവിക്കുന്നവർ ധാരാളമുള്ള ഈ ലോകത്തു അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്‍റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനവും പ്രകാശവുമായി മാറ്റുന്ന നമ്മുടെ ചുറ്റിലുമുള്ളവരെ മാതൃകയാക്കാം. അങ്ങനെ മാതൃകയാക്കേണ്ട ഭിന്നശേഷിക്കാർ കൂടിയായിട്ടുള്ള കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ യുകെയിലെയും അയർലൻഡിലേയും സുമനസുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ്.

പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്‍റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്‍ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു. ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.

ഗോപിനാഥ് മുതുകാട് നേതൃത്വം കൊടുത്തുകൊണ്ട് ഭിന്നശേഷി കുട്ടികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയുമായി സഹകരിച്ച് ഇത്തരം കുട്ടികളെ ജീവിതവിജയത്തിലെത്തിക്കുവാൻ പ്രോൽസാഹിപ്പിക്കണമെന്ന് യുക്മ ദേശീയ സമിതി അഭ്യർഥിച്ചു.

റിപ്പോർട്ട്: അലക്സ് വർഗീസ്