പ്രണയാതുരമായ സംഗീതത്തിലൂടെ കാഴ്ചക്കാർക്ക് ദൃശ്യവിരുന്നൊരുക്കുകയാണ് നൃത്യ എന്ന സംഗീത ആൽബം. യൂറോപ്പിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന മലയാളി പെണ്കുട്ടി പ്രീതി മലയിലാണ് ഈ സംഗീത ആൽബം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഗാനരചന, സംഗീത സംവിധാനം, ആലാപനം, കൊറിയോഗ്രഫി, നിർമാണം, സംവിധാനം തുടങ്ങി ഒന്പത് ഇനങ്ങൾ പ്രീതി ഒറ്റയ്ക്കാണ് നിർവഹിച്ചിരിക്കുന്നത്. സംഗീത ആൽബത്തിൽ ഒരു വ്യക്തിതന്നെ ഇത്രയും കാര്യങ്ങൾ നിർവഹിക്കുന്നത് ആദ്യമായിട്ടാണ്.
"മെല്ലേ നിൻ കാറ്റിൻ താളം
എന്നും ഒരു മായാജാലം
നെഞ്ചിൽ നിൻ മൗനരാഗം
ആത്മാവിൻ ഗീതം പോലെ...’
എന്നു തുടങ്ങുന്ന പ്രണയാതുരമായ ഗാനം കാഴ്ചക്കാരനെ വളരെയധികം ആകർഷിക്കുന്നതാണ്. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനത്തിനെ പ്രേക്ഷകന്റെ മനോധർമം അനുസരിച്ച് വ്യാഖ്യാനിക്കാം.
അതായത്, ഒരു വ്യക്തിയോടുള്ള പ്രണയമാകാം, അല്ലെങ്കിൽ പ്രണയം പ്രകൃതിയോടാകാമെന്നു പ്രീതി മലയിൽ പറയുന്നു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ധാരാളം വ്യൂവേഴ്സ് ആണ് ഉണ്ടായിട്ടുള്ളത്.
നൃത്ത പഠനം
ആറാം വയസു മുതലാണ് നൃത്ത പഠനം തുടങ്ങിയത്. പത്താം വയസിൽ സ്വന്തമായി നൃത്തസംവിധാനം നിർവഹിച്ചു. പതിമൂന്നാം വയസിൽ മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാനും തുടങ്ങി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീ നൃത്തയിനങ്ങൾ പ്രീതി പഠിച്ചിട്ടുണ്ട്. സംഗീതമത്സരങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിയന്നയിൽ അധ്യാപനരംഗത്തുള്ള പ്രീതി അവിടെ കൈരളി നികേതൻ എന്ന നൃത്തവിദ്യാലയത്തിലും നൃത്തം പഠിപ്പിച്ചിട്ടുണ്ട്. വിദേശികൾക്കായി ഇന്ത്യ- കണ്ഡംപററി ഡാൻസും പ്രീതി പഠിപ്പിച്ചിരുന്നു. യൂറോപ്പിൽ നടന്ന പല നൃത്തപരിപാടികളുടെയും വിധികർത്താവായി പങ്കെടുത്തിട്ടുണ്ട്.
എംഎസ്സി ഹ്യുമൻ റിസോഴ്സസ് മാനേജ്മെന്റ്, എംഎ ഇന്റർനാഷണൽ ഡവലപ്മെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ള പ്രീതി മലയാളത്തിൽ നന്നായി സ്ക്രിപ്റ്റുകളും എഴുതാറുണ്ട്. വിദേശത്ത് സ്ഥിരതാമസമാണെങ്കിലും കുട്ടിക്കാലത്ത് നാട്ടിൽ വരുന്പോൾ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടെന്ന് പ്രീതി പറഞ്ഞു.
ജർമൻ ഭാഷയിൽ കവിതയും എഴുതാറുണ്ട്. ഇപ്പോൾ വേൾഡ് മലയാളി കൗണ്സിൽ ഓസ്ട്രിയൻ പ്രൊവിൻസിന്റെ പ്രസിഡന്റാണ്. ലണ്ടനിൽ നടന്ന മിസ് കേരള യൂറോപ്പ് മത്സരത്തിൽ കിരീടം ലഭിച്ചതും പ്രീതിക്കായിരുന്നു.
കുടുംബം
വിയന്ന സർക്കാർ സർവീസിൽനിന്ന് വിരമിച്ച ചങ്ങനാശേരി നാലുകോടി മലയിൽ ചാക്കോച്ചൻ- ലിസി ദന്പതികളുടെ ഇളയമകളാണ് പ്രീതി. സഹോദരൻ പ്രിൻസ് മലയിൽ സോഫ്ട് വെയർ എൻജിനീയറാണ്. സഹോദരി പ്രിയ മലയിൽ വിയന്ന ഗവണ്മെന്റ് ഫിനാൻഷ്യൽ സെക്ഷനിൽ മാനേജറാണ്.
സീമ മോഹൻലാൽ