+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോയ് ആലുക്കാസും സിജോ വടക്കനും കൺവൻഷനു വേണ്ടി കൈകോർക്കുന്നു

പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനുവേണ്ടി കൈകോർക്കുന്നു. ജോയ് ആലുക്കാസിന്‍റെ ഉടമസ്ഥതയിലുള്ള ജോയ് ആലൂക്കാസ് ജൂവൽ കളക്ഷൻസും സിജോ വടക്കന
ജോയ് ആലുക്കാസും സിജോ വടക്കനും കൺവൻഷനു വേണ്ടി കൈകോർക്കുന്നു
പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനുവേണ്ടി കൈകോർക്കുന്നു. ജോയ് ആലുക്കാസിന്‍റെ ഉടമസ്ഥതയിലുള്ള ജോയ് ആലൂക്കാസ് ജൂവൽ കളക്ഷൻസും സിജോ വടക്കന്‍റെ ട്രിനിറ്റി ഗ്രൂപ്പുമാണ് കൺവൻഷന്‍റെ പ്രധാന പ്രായോജകർ. 18 ലക്ഷം ഡോളറാണ് പരിപാടിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. സിജോ വടക്കനാണ് കൺവൻഷന്‍റെ മുഖ്യ പ്രായോജകർ. അതേസമയം, റാഫിൾ ടിക്കറ്റിന്‍റെ ബിഎംഡബ്ല്യു കാർ സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് ആലൂക്കാസാണ്.

ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കൺവൻഷൻ നടക്കുന്നത്. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

സിജോ വടക്കൻ: അമേരിക്കൻ മണ്ണിലെ മലയാളി വിജയഗാഥ

തൃശൂരിലെ മാളയിൽ നിന്നും 2004ൽ അമേരിക്കയിലേക്ക് കുടിയേറിയ സിജോ വടക്കൻ 2006ലാണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റി ആരംഭിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയവും സ്വീകാര്യതയും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ്, ട്രാവല്‍, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിറസാന്നിധ്യമായി ട്രിനിറ്റി ഗ്രൂപ്പ് മാറി. മീഡിയ രംഗത്തും സാന്നിധ്യമറിയിച്ച സിജോ ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡയറക്ടര്‍ കൂടിയാണ്.

അമേരിക്കയിൽ ബിസിനസ് ആരംഭിച്ച കാലത്ത് പ്രതിസന്ധികൾ നേരിട്ട സിജോ വടക്കന് ആദ്യവർഷം രണ്ടു വീടുകൾ വില്ക്കാനേ കഴിഞ്ഞുള്ളൂ. എന്നാൽ കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുണ്ടായിരുന്ന സിജോ പ്രതിസന്ധികളെ ഓരോന്നായി കീഴടക്കി. അടുത്ത വർഷം രണ്ടിൽ നിന്ന് 16 ആയി വില്പന ഉയർന്നു. 2017ൽ മാത്രം 248 ഭവനങ്ങളാണ് ട്രിനിറ്റി ഗ്രൂപ്പ് വിറ്റത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒന്നാംനിരയിലേക്ക് സിജോയുടെ കമ്പനി വളർന്നു.



ബിസിനസ് മികവിന് നിരവധി പുരസ്കാരങ്ങളും സിജോ വടക്കൻ കരസ്ഥമാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തെ മികച്ച പ്രകടനങ്ങൾ മുൻനിറുത്തി മാക്സ് അവാർഡ് -2015, പ്ലാറ്റിനം ടോപ്പ് അവാർഡ് (2017, 2018), ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്-2018 എന്നിവ അവയിൽ ചിലത് മാത്രം. 2017 ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്‍റെ ബിസിനസ് നടത്തിയാണ് സിജോ വടക്കന്‍ ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.

ബിസിനസിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും സാമൂഹ്യസേവന പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും സിജോ സജീവമായി. അദ്ദേഹം രൂപം നല്കിയ ട്രിനിറ്റി ഫൗണ്ടേഷൻ ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാണ് ഇന്ന്. 2013ൽ ഛത്തിസ്ഗഡിലെ ജഗദൽപുർ സീറോ മലബാർ രൂപതയുടെ ഭൂമിയിൽ, ആദിവാസി കുട്ടികൾക്കായി ഹോളിഫാമിലി സ്കൂൾ ട്രിനിറ്റി ഫൗണ്ടേഷൻ പണിതുനൽകി. അമേരിക്ക, എത്യോപ്യ എന്നിവിടങ്ങിലും, കേരളത്തിലും വിവിധ ജീവകാരുണ്യ പദ്ധതികള്‍ ട്രിനിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്.

സിനിമാനിർമാണരംഗത്തേക്കും ചുവടുവച്ച സിജോ അടുത്തിടെയിറങ്ങിയ ചോല, ജോസഫ് എന്നീ മലയാളചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. ഈ രണ്ടു ചിത്രങ്ങളുംകൂടി ഏഴ് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായി സഭയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന അദ്ദേഹം സ്വന്തം ഇടവകയിൽ മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. ലിറ്റി വടക്കനാണ് ഭാര്യ. അലൻ, ആൻ എന്നിവര്‍ മക്കളാണ്.

ജോയ് ആലൂക്കാസ്: വിശ്വസ്തതയുടെ സുവർണമുദ്ര

കാലങ്ങളായി സ്വർണവ്യാപാരരംഗത്തെ വിശ്വസ്തതയുടെ പ്രതീകമായാണ് ജോയ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പ് അറിയപ്പെടുന്നത്. ജോയ് ആലൂക്കാസ് ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോയ് ഇന്ന് മലയാളികളുടെ അഭിമാനമായ വ്യവസായിയാണ്. തൃശൂരിലെ പ്രമുഖ സ്വർണവ്യാപാരി വർഗീസ് ആലുക്കായുടെ പതിനൊന്നാമത്തെ മകനായ ജോയ് പിതാവിന്‍റെ പാത പിന്തുടർന്ന് തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയായിരുന്നു. തൃശൂർ സെന്‍റ് തോമസ് സ്കൂളിലെ പഠനകാലത്തും പിതാവിനൊപ്പം ബിസിനസിൽ പങ്കാളിയായിരുന്നു അദ്ദേഹം. 1986ൽ നടത്തിയ ദുബായ് യാത്രയാണ് ജോയ് ആലൂക്കാസിന്‍റെ തലവര മാറ്റിയത്. അവിടുത്തെ സ്വർണവ്യാപാരസാധ്യതകൾ മനസിലാക്കിയ അദ്ദേഹം തൊട്ടടുത്ത വർഷം അബുദാബിയിൽ ചെറിയൊരു ഷോറൂം ആരംഭിച്ചു. പിന്നീട് ദുബായിയിലും ഷാർജയിലും തുടർന്ന് ഗൾഫിൽ അങ്ങോളമിങ്ങോളമായി ആ ബിസിനസ് സാമ്രാജ്യം വികസിക്കുകയായിരുന്നു. 2002ൽ കോട്ടയത്ത് ഷോറൂം ആരംഭിച്ച് കേരളത്തിലേക്ക് തന്‍റെ സാമ്രാജ്യം വ്യാപിപ്പിച്ചു.

ചെന്നൈയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലൂക്കാസിനെ 'ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിന് അർഹനാക്കി. ഇന്ന് ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമേ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 140ലേറെ ഷോറൂമുകളിലെത്തി നിൽക്കുകയാണ് ജോയ് ആലുക്കാസ് ശൃംഖല. 2013ൽ ലോകത്തെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരുടെ ഫോർബ്സ് പട്ടികയിൽ 1342-ാം സ്ഥാനത്ത് എത്താൻ ജോയ് ആലൂക്കാസിന് കഴിഞ്ഞു.



ജോളി സിൽക്സിലൂടെ വസ്ത്രവിപണിയിൽ കാലെടുത്തുവച്ച ജോയ് ആലൂക്കാസിന് ആ മേഖലയിലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്വർണം, വസ്ത്രം തുടങ്ങിയവയെയെല്ലാം ഒരു കുടക്കീഴിലാക്കി 'മാൾ ഓഫ് ജോയ്' എന്ന പേരിൽ ഷോപ്പിംഗ് മാളുകളും ജോയ് ആലൂക്കാസ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ജോയ് ആലൂക്കാസ് മണി എക്സ്ചേഞ്ച്, ജോയ് ആലൂക്കാസ് ലൈഫ് സ്റ്റൈൽ ഡവലപ്പേഴ്സ് തുടങ്ങി വൈവിധ്യമായ മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുടേതുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്.

വ്യവസായത്തിനു പുറമേ ആതുരസേവന രംഗത്തും സാമൂഹ്യസേവനരംഗത്തും ജോയ് ആലൂക്കാസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് അദ്ദേഹം സഹായഹസ്തമേകിയിരുന്നു. സന്നദ്ധപ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജോയ് ആലൂക്കാസ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്.

പ്രതിസന്ധികളെ തരണം ചെയ്യാനും ദൈവവിശ്വാസത്തിൽ അടിയുറച്ചു നിന്ന് വിജയപടവുകൾ കയറാനും മലയാളികൾക്ക് പ്രചോദനമായ വ്യക്തിത്വങ്ങളാണ് ജോയ് ആലൂക്കാസും സിജോ വടക്കനും. അമേരിക്കയുടെ വാണിജ്യഭൂപടത്തിൽ നിർ‌ണായക സ്വാധീനമായ മലയാളി വ്യവസായികൾ ഹൂസ്റ്റൺ‌ കൺവൻഷന്‍റെ വിജയത്തിനായി കൈകോർക്കുമ്പോൾ വിശ്വാസികൾക്കും അത് ധന്യമുഹൂർത്തമാണ്.
More in All :