ഏഴു കുടുംബങ്ങള്‍ക്കു സ്‌നേഹക്കൂടാരമായി "സെബാസ്റ്റ്യന്‍ വില്ല'

04:45 PM Nov 25, 2020 | Deepika.com
ബംഗളൂരു: മാണ്ഡ്യ രൂപതയിലെ മത്തിക്കരെ സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവക ഏഴു നിര്‍ധന കുടുംബങ്ങള്‍ക്കു പാര്‍പ്പിടമൊരുക്കി മാതൃകയായി. ഇടവകാംഗം സൗജന്യമായി നല്‍കിയ സ്ഥലത്തു പള്ളിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച "സെബാസ്റ്റ്യന്‍ വില്ല' ഏഴു കുടുംബങ്ങള്‍ക്കാണ് അത്താണിയാകുന്നത്.

11 മാസം കൊണ്ടാണു ബംഗളൂരു പീനിയ നന്ദിനി ലേഔട്ടില്‍ നാലു നിലകളിലുള്ള ഭവനസമുച്ചയം നിര്‍മിച്ചത്. 85 ലക്ഷം രൂപയോളം ചെലവുവന്ന നിര്‍മാണത്തിന് ഇടവകാംഗങ്ങളും സുമനസുകളും കൈകോര്‍ത്തു. രണ്ടു ബെഡ്‌റൂമുകളും അടുക്കളയും ഉള്‍പ്പെടുന്നതാണ് ഓരോ വീടും.

പള്ളിയിലെ മുന്‍ കൈക്കാരന്‍ കൂടിയായ പി.ജെ. തോമസാണു ലക്ഷങ്ങള്‍ വിലവരുന്ന 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമി സൗജന്യമായി ഇടവകയ്ക്കു കൈമാറിയത്.
മാണ്ഡ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഭവനസമുച്ചയത്തിന്‍റെ ആശീര്‍വാദം നിര്‍വഹിച്ചു. സെബാസ്റ്റ്യന്‍ വില്ലയില്‍ ഏഴു കുടുംബങ്ങള്‍ അടുത്തയാഴ്ച താമസം തുടങ്ങുമെന്നു ഫൊറോന വികാരി ഫാ. മാത്യു പനക്കുഴി അറിയിച്ചു.

ഇടുക്കി രൂപതയിലെ മച്ചിപ്ലാവില്‍ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപെട്ട ആറു കുടുംബങ്ങള്‍ക്കു സിഎംഐ സന്യാസ സമൂഹവും മത്തിക്കരെ സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവകയും ചേര്‍ന്നു വീടുകള്‍ നിര്‍മിച്ചു നല്‍കി മാതൃകയായിരുന്നു.