+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലെസ്റ്ററിൽ സെന്‍റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ് ഓണം ആഘോഷിച്ചു

ലെസ്റ്റർ: ലോകം മഹാമാരിയുടെ ഭീതിയുടെ ദിനങ്ങളിലൂടെ കടന്നു പോകുമ്പോഴും തങ്ങൾ നെഞ്ചിലേറ്റിയ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റേയും സംസ്കാരത്തിന്‍റേയും അനുസ്മരണങ്ങളെ തൊട്ടുണർത്തി നാടിന്‍റെ പ്രത്യേക സാഹചര്യ ന
ലെസ്റ്ററിൽ സെന്‍റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ് ഓണം ആഘോഷിച്ചു
ലെസ്റ്റർ: ലോകം മഹാമാരിയുടെ ഭീതിയുടെ ദിനങ്ങളിലൂടെ കടന്നു പോകുമ്പോഴും തങ്ങൾ നെഞ്ചിലേറ്റിയ സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റേയും സംസ്കാരത്തിന്‍റേയും അനുസ്മരണങ്ങളെ തൊട്ടുണർത്തി നാടിന്‍റെ പ്രത്യേക സാഹചര്യ നിയമ സംവിധാനങ്ങളിൽ പോറലേൽപ്പിക്കാതെ ലെസ്റ്റർ സെന്‍റ് തോമസ് കാത്തലിക് ഫാമിലി സോഷ്യൽ ക്ലബ് തിരുവോണത്തെ ആഘോഷങ്ങളില്ലാത്ത ആഘോഷമാക്കി മാറ്റി.

വലിയ ഒരു കൂട്ടായ്മ എന്ന നിലയിൽ ഹാളെടുത്തു സാമൂഹിക അകലം പാലിച്ചുള്ള ഒരു ആഘോഷം പ്രായോഗികമല്ലാത്തതിനാലും കുടുംബങ്ങളുടെയും സമൂഹത്തിന്‍റേയും രാജ്യത്തിന്‍റേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സെന്‍റ് തോമസ് ക്ലബിന്‍റെ ആഘോഷം പരിമിതപ്പെടുത്തുവാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ക്ലബ്. എല്ലാ മെമ്പേഴ്സിന്‍റേയും ഭവനങ്ങളിൽ ഓണ സദ്യ എത്തിച്ചു കൊടുക്കുവാനും ഒപ്പം ആശംസകൾ നേരുവാനും അങ്ങനെ ആഘോഷത്തെ മനസുനിറയുന്ന ഓണസദ്യയിലൊതുക്കുക കൂടിയായിരുന്നു ഈ വിശ്വാസി സംഘടന.

കോവിഡ് പകർച്ച വ്യാധിയുടെ സമയങ്ങളിൽ ആവശ്യക്കാർക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും യാത്രാസൗകര്യങ്ങളും ഒരുക്കി കരുതലിന്‍റെ സന്ദേശ വാഹകരായിരുന്ന സെന്‍റ് തോമസ് ക്ലബിന്‍റെ നേതൃത്വം സാമൂഹിക പ്രവർത്തനങ്ങളിൽ എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. 22 ഇനം പാരമ്പര്യ വിഭവങ്ങൾ ഉൾപ്പെടുത്തി ഏറെ സ്വാദിഷ്‌ഠമായി ഓണസദ്യ തയാറാക്കി ചൂടോടെ വാഴയിലയിൽ പൊതികളാക്കി നൽകി ഒപ്പം ആശംസകളും നേർന്നു നടത്തിയ സെന്‍റ് തോമസ് ക്ലബിന്‍റെ സ്നേഹോഷ്മളമായ തിരുവോണം ഹൃദയസ്പർശിയായി.

ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളി വികാരിയും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളും സെന്‍റ് തോമസ് ഫാമിലി സോഷ്യൽ ക്ലബിന്‍റെ അഭ്യുദയകാംക്ഷിയുമായ ഫാ. ജോർജ് ചേലക്കൽ ഓണസദ്യയുടെ ആദ്യ പൊതി നൽകികൊണ്ടാണ് തങ്ങളുടെ പൊതുവിതരണത്തിനു നാന്ദി കുറിച്ചത്. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു അഞ്ഞൂറോളം അംഗങ്ങൾക്ക് ഓണസദ്യ എത്തിച്ചു നൽകുകയായിരുന്നു.

തിരുവോണ സദ്യക്ക് വിഭവങ്ങളൊരുക്കുവാൻ നേതൃത്വം നൽകിയ പ്രമുഖ മലയാളി ഷെഫ് ജോസഫ് ജോസ് താമരക്കാട്ട് തന്‍റെ കൈപ്പുണ്യവും നാടൻ പാചകവിരുതും ഒരിക്കൽക്കൂടി വീണ്ടും തെളിയിച്ച ഓണവിഭവങ്ങൾ നാവിലൂറ്റിയ സ്വാദിന്‍റേയും പാരമ്പര്യ രുചികളുടെയും തനിമ പകർന്ന പാചകക്കലയുടെയും കയ്യൊപ്പിന് ഏറെ കൈ‍യടികളാണു ലെസ്റ്ററുകാർ നൽകിയത്.

സ്പോർട്സും കലാപരിപാടികളും ഒക്കെ ചേർത്തു സമ്പന്നവും ഗംഭീരവുമായ ത്രിദിന ഓണാഘോഷത്തിന് കഴിഞ്ഞ വർഷം തന്നെ ഫാം ഹൗസ് ബുക്ക് ചെയ്തിരുന്ന ഈ ഫാമിലി ക്ലബ് സ്വപ്‌നങ്ങൾ പൂവണിഞ്ഞില്ലെങ്കിലും ഇത്രയെങ്കിലും ചെയ്യുവാൻ ലഭിച്ച അനുഗ്രഹത്തിനും ആയുസിനും ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ടാണ് സെന്‍റ് തോമസ് ഫാമിലി ക്ലബ് കോഓർഡിനേറ്റേഴ്‌സ് ഓരോ ഭവനങ്ങളും കയറിയിറങ്ങിയത്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ