+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിലെ ദുരിതബാധിതർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ കൈത്താങ്ങ്

ഡബ്ലിൻ: കേരളത്തിലെ ദുരിതബാധിതർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ കൈതാങ്ങ്. 2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ഒരു നിർധന കുടുംബത്തിനാണ് ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് ഒ
കേരളത്തിലെ ദുരിതബാധിതർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ കൈത്താങ്ങ്
ഡബ്ലിൻ: കേരളത്തിലെ ദുരിതബാധിതർക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ കൈതാങ്ങ്. 2019 ലെ പ്രകൃതിക്ഷോഭത്തിൽ കനത്ത നാശം നേരിട്ട വടക്കൻ കേരളത്തിലെ ഒരു നിർധന കുടുംബത്തിനാണ് ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച തുകകൊണ്ട് ഒരു ഭവനം കെട്ടിപ്പൊക്കുന്നത്. തലശേരി അതിരുപതയിലെ കച്ചേരിക്കടവ് ഇടവകാതിർത്തിയിൽ നിർമിക്കുന്ന ഈ ഭവനത്തിന്‍റെ നിർമാണം പൂർത്തിയായി വരുന്നു.

കോവിഡ് മൂലം മുടങ്ങിയ നിർമാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 8,725 യൂറോയാണ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിവിധ കുർബാന സെന്‍ററുകളിൽനിന്ന് സമാഹരിച്ചത്. ഈ വർഷം ഡബ്ലിൻ സീറോ മലബാർ സഭ നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനം ആണിത്.

താല കുർബാന സെന്‍റർ കഴിഞ്ഞവർഷത്തെ തിരുനാൾ പ്രസുദേന്തിമാരിൽനിന്ന് സമാഹരിച്ച 8,200 യൂറോ ഉപയോഗിച്ച് മാനന്തവാടി രൂപതയുടെ ഇരുളം ഇടവതാതിർത്തിയിൽ നിർമാണം പൂർത്തീകരിച്ച ഭവനത്തിൽ താമസമാരംഭിച്ചു. മറ്റു കുർബാന സെന്‍ററുകളും ഓരോ ഭവന നിർമാണത്തിന് ആവശ്യമായ തുക സമാഹരിച്ചു വരുന്നു.

2018 ലെ പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ സമാഹരിച്ച 41,79,270 രൂപയിൽ ഇടുക്കി, ചങ്ങനാശേരി, എറണാകുളം, ഇരിഞ്ഞാലക്കുട മേഖലകളിലെ വിവിധ മതക്കാരായ അർഹതപ്പെട്ട നാല്പത് കുടുംബങ്ങൾക്ക് 1 ലക്ഷം രൂപവീതം അതാത് രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികൾ വഴി കൈമാറിയിരുന്നു. കൂടാതെ, 179,270 രൂപയുടെ നേരിട്ടുള്ള സഹായങ്ങളും നൽകി.

2019-20 വർഷത്തിൽ മാത്രം വിവാഹ സഹായ ആവശ്യത്തിനായി 3,093 യൂറോയും, ചികിത്സാ ചെലവുകൾക്കായി 7,787 യൂറോയും, മറ്റ് സഹായങ്ങൾ എന്നനിലയിൽ 1,285 യൂറോയും വിവിധ കുർബാന സെന്‍ററുകളുടെ സഹായത്തോടെ നൽകുകയുണ്ടായി. ചാരിറ്റബിൾ റഗുലേറ്ററുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്.

മരണാനന്തര സഹായ നിധി - കുടുംബാംഗങ്ങളുടെ ആകസ്മിക വേർപാടുമൂലം വിഷമിക്കുന്ന അയർലൻഡിലെ ഇന്ത്യൻ കുടിയേറ്റ കുടുംബങ്ങൾക്ക് ഒരുകൈത്താങ്ങ് എന്ന നിലയിൽ 2011 ൽ ആരംഭിച്ച മരണാനന്തര സഹായ നിധി 2011-2018 കാലയളവിൽ 18 കുടുംബങ്ങൾക്കായി 70,348 യൂറോയും 2019-20 കാലയളവിൽ 6 കുടുംബങ്ങൾക്കായി 14,556 യൂറോയും വിതരണം ചെയ്തു.

കോവിഡിന്‍റെ ആരംഭഘട്ടത്തിൽ ഹെൽപ്പ് ലൈൻ ആരംഭിക്കുകയും അതുവഴിയും അല്ലാതെയും പ്രാദേശിക വിഭവസമാഹരണത്തിലൂടെ ആവശ്യക്കാർക്ക് സഹായമാകാൻ സഭയ്ക്ക് കഴിഞ്ഞു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വരവ് ചെലവ് കണക്കുകൾ കുർബാന സെന്‍ററുകളിലെ ട്രസ്റ്റിമാരും മറ്റു പ്രതിനിധികളും ഉൾപ്പെടുന്ന ഡബ്ലിൻ സോണൽ കമ്മിറ്റിയിൽ മാസംതോറും അവതരിപ്പിക്കുകയും വാർഷിക കണക്ക് ദേവാലയങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. ഇന്‍റേണൽ ഓഡിറ്റിംഗിനും തുടർന്നുള്ള നിയമ പരമായ ഓഡിറ്റിംഗിനും ശേഷം റിപ്പോർട്ട് റവന്യൂ, ചാരിറ്റി റെഗുലേറ്ററി, ഡബ്ലിൻ അതിരൂപത തുടങ്ങിയ അധികാരികൾക്ക് സമര്‍പ്പിക്കുകയും തുടർന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. www.syromalabar.ie എന്ന വെബ്സൈറ്റിലെ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റത്തിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ കുർബാന സെൻ്ററിലേയും ഡബ്ലിൻ സോണലിലേയും ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ലഭ്യമാണ്.

Hayden Brown Chartered Accountants ഔദ്യോഗിക ഓഡിറ്റർ ആയും Mason Hayes & Curran നിയമോപദേശകർ ആയും തുടരുന്നൂ.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് www.syromalabar.ie എന്ന വെബ്സൈറ്റിലൂടെ സാമ്പത്തിക സഹായം നൽകുവാൻ അവസരമുണ്ട്.

ദുരിതബാധിതർക്ക് കൈതാങ്ങാകാനുള്ള ഡബ്ലിൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ