+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ വൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ

ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗല മെർക്കൽ. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ
ജർമനിയിൽ വൈറസ് നിയന്ത്രണ വിധേയം: ചാൻസലർ മെർക്കൽ
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാൻസലർ ആംഗല മെർക്കൽ. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകൾ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവർ മുന്നറിയിപ്പും നൽകി. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

യൂറോപ്പിലെ പ്രമുഖ വൈറോളജി ലാബായ ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ അണുബാധ നിരക്ക് 0.78 എന്ന അനുപാതത്തിൽ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പുതിയ അണുബാധകളുടെ എണ്ണം ശരാശരി കണക്കാക്കിയാണ് പുതിയ ആർ വേരിയന്‍റ് കണക്കാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 600 ഓളം പേർക്ക് മാത്രമാണ്.ഇതുവരെ ജർമനിയിലെ കോവിഡ് ബാധിതർ 1,82,452 പേരാണ്. ആകെ മരണം 8,570. നാളിതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,64,100 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 10,000 ൽ (9782) ഉം സീരിയസ് കേസുകൾ 744 ഉം, ടെസ്റ്റുകൾക്ക് വിധേയമായവരുടെ എണ്ണം 39,52,971 ഉം ആണ്. വെസ്റ്റ്ഫാളിയ, ബവേറിയ, ബാഡൻവുർട്ടെംബർഗ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഹോട്ട്സ്പോട്ടുകളുള്ളത്.

ഇതിനിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് നിയന്ത്രണങ്ങൾ ജൂലൈ അഞ്ച് വരെ നീട്ടിയതായി ജർമൻ ഫെഡറൽ സർക്കാർ അറിയിച്ചു.

വിവിധ സ്റ്റേറ്റ് ഗവണ്‍മെന്‍റുകളുടെ എതിർപ്പ് അവഗണിച്ചാണ് ഫെഡറൽ സർക്കാർ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളിൽ ആളുകൾ പരസ്പരം ഒന്നര മീറ്റർ അകലം പാലിക്കണം. വിവിധ ഇടങ്ങളിൽ മാസ്ക് ഉപയോഗം നിർബന്ധിതമാക്കിയിട്ടുള്ള നിർദേശവും തുടരും. പൊതു സ്ഥലങ്ങളിൽ പത്തു പേർക്കു വരെയേ ഒരുമിച്ചു കൂടാൻ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങൾക്കു വരെ ഒത്തുചേരാനും അനുമതി തുടരും. എന്നാൽ 16 സംസ്ഥാന മുഖ്യമന്ത്രിമാർക്ക് ഉചിതമെന്നു തോന്നുന്ന സുരക്ഷാ ഇളവുകൾ പ്രാദേശികമായി തീരുമാനിക്കാമെന്നും ചാൻസലർ മെർക്കൽ അറിയിച്ചിട്ടുണ്ട്.

രോഗബാധയുടെ നിരക്ക് കൂടുന്നിൽ ആശങ്കയില്ല: ജർമൻ വിദഗ്ധർ


ജർമനിയിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച ശേഷം കൊറോണവൈറസ് ബാധയുടെ നിരക്ക് വർധിച്ചത് ആശങ്കപ്പെടാൻ മാത്രമില്ലെന്ന് വിദഗ്ധർ.വൈറസിന്‍റെ പ്രത്യുത്പാദന നിരക്ക് (ആർ റേറ്റ്) തുടരെ മൂന്നു ദിവസങ്ങളിൽ ഒന്നിനു മുകളിലെത്തിയതാണ് പൊതുജനങ്ങൾക്കിടയിൽ ആശങ്കയ്ക്കു കാരണമായത്. നിരക്ക് ഒന്നിനു മുകളിലെത്തുക എന്നാൽ, രോഗബാധിതനായ ഒരാൾ ശരാശരി ഒന്നിലധികം പേർക്ക് രോഗം പടർത്തുന്നു എന്നാണ് അർഥം. എന്നാൽ, 1.2-1.3 നിരക്കിലുള്ള രോഗവ്യാപനം ഒറ്റപ്പെട്ട ദിവസങ്ങളിൽ സംഭവിക്കുന്നത് ആശങ്കപ്പെടാനുള്ള സ്ഥിതിവിശേഷമല്ലെന്നും നിരന്തരം ഈ നിരക്ക് ഉയരുന്ന പ്രവണതയുണ്ടeയാൽ മാത്രമേ ആശങ്കയ്ക്ക് അടിസ്ഥാനമുള്ളൂ എന്നുമാണ് സർക്കാരിന്‍റെ ശാസ്ത്ര ഉപദേഷ്ടാക്കൾ പറയുന്നത്.

ജർമനിയിൽ ഐകിയ കാർ പാർക്ക് ഈദ് നമസ്കാരത്തിനു വിട്ടുനൽകി

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള ഐകിയ സ്റ്റോറിന്‍റെ കാർ പാർക്ക് ഈദ് നമസ്കാരത്തിനായി വിശ്വാസികൾക്കു വിട്ടു നൽകി.സമീപത്തുള്ള മോസ്കിൽ സാമൂഹിക അകല പാലിച്ച് എല്ലാ വിശ്വാസികൾക്കും നിസ്കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് കാർ പാർക്കിംഗ് ഏരിയ കൂടി ഉപയോഗിക്കാൻ നൽകിയത്. എണ്ണൂറോളം വിശ്വാസികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.ജർമനിയിൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കർക്കശമായി പാലിച്ചിരിക്കണമെന്നാണ് നിബന്ധന.

മാസങ്ങൾ നീണ്ട പോരാട്ടത്തിൽ കോവിഡിനെ കീഴടക്കി എഴുപത്തൊന്നുകാരി


മാഡ്രിഡ്(സ്പെയിൻ): കൊറോണവൈറസ് ബാധയ്ക്കെതിരേ മാർച്ച് ആദ്യം ആരംഭിച്ച പോരാട്ടം എഴുപത്തൊന്നുകാരി രണ്ടര മാസത്തിനുശേഷം വിജയകരമായി പൂർത്തിയാക്കി.

റോസ മരിയ ഫെർണാണ്ടസ് എന്ന സ്പെയിൻകാരി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്പോൾ പലവട്ടമാണ് മരണം മുഖാമുഖം വന്നത്. ആഴ്ചകളോളം വെന്‍റിലേറ്ററിലായിരുന്നു.

സ്പെയിനിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരിൽ ഒരാളായിരുന്നു റോസയും. ഓരോ തവണ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എന്‍റെ അവസ്ഥയെ കുറിച്ച് പറയാൻ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങൾ കടന്നുപോയിരിക്കുന്നു. മരണത്തിെൻ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നൽകിയിരിക്കുന്നു’’, അവർ പറയുന്നു.

എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാൻ പദ്ധതിയുമായി സ്പെയ്ൻ

മാഡ്രിഡ്: കോവിഡിൽ തകർന്ന കുടുംബങ്ങളെ രക്ഷിക്കാൻ രാജ്യത്തെ എല്ലാ പൗരൻമാർക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സർക്കാർ മൂന്നു ബില്യൻ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. ജൂലൈ മുതൽ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്തെ മുന്തിയ ഉയർന്ന ഹോട്ടൽ ശൃംഖലയായ പാരഡോർ ഹോട്ടലുകൾ ജൂണ്‍ 25 ന് വീണ്ടും തുറക്കും. സ്പെയിനിനുള്ളിൽ ടൂറിസം ത്വരിതമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം കാണപ്പെടുന്നത്.

ഫ്രാൻസിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാൻ പദ്ധതി


പാരീസ്: ഫ്രാൻസിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്കരണങ്ങൾ നടപ്പാക്കാൻ സർക്കാർ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഗണ്യമായ ശന്പള വർധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ് വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വർധിപ്പിക്കേണ്ടത് എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്കരണങ്ങൾ. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.

മാസ്ക് വഴിയിൽ ഉപേക്ഷിക്കുന്നവർക്ക് ഫ്രാൻസ് പിഴ ചുമത്തുന്നു

പാരീസ്: ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ വലിച്ചെറിയുന്നവർക്ക് മുന്നൂറു യൂറോ വീതം പിഴ ചുമത്താനുള്ള നിർദേശം ഫ്രഞ്ച് സർക്കാരിന്‍റെ സജീവ പരിഗണനയിൽ.

കൊറോണവൈറസ് ബാധ കാരണം രാജ്യത്ത് മാസ്ക് ഉപയോഗം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ നിരത്തുവക്കുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട മാസ്കുകളും ധാരാളമായി കാണപ്പെടുന്നുണ്ട്. സർജിക്കൽ മാസ്കുകളും ഇത്തരത്തിൽ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പതിവായി.പുതിയ തരത്തിലുള്ള ഈ മലിനീകരണം പരിസ്ഥിതിക്ക് പുതിയ തരം ഭീഷണിയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം

ഇറ്റലിയിൽ പ്രദേശിക മുന്നറിപ്പു ശക്തമാവുന്നു


റോം: വടക്കൻ ഇറ്റാലിയൻ പ്രദേശങ്ങളായ ലോംബാർഡി, ലിഗുറിയ, പീഡ്മോണ്ട് എന്നിവ ജൂണ്‍ 3 ന് യാത്രാ നിയന്ത്രണങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാൻ തയാറല്ലെന്ന് ഇറ്റലിയിലെ ഗ്രൂപ്പ് ഫോർ എവിഡൻസ് ബേസ്ഡ് മെഡിസിൻ ജിംബി നടത്തിയ പുതിയ പഠനത്തിൽ പറയുന്നു.അതേ സമയം, ഈ പ്രദേശങ്ങളിൽ പുതിയ കേസുകളിൽ ഏറ്റവും വലിയ വർധനവുമുണ്ട്, കൂടാതെ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്താനുള്ള പരിമിതമായ സാഹചര്യവുമാണ്.

ജൂണ്‍ ആദ്യം ഇറ്റലിയിലേക്കും പുറത്തേക്കും യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് മുന്നോടിയായി ഇറ്റലിയിലെ ഉന്നത ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഐഎസ്എസിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്താൻ ഇറ്റലി ആരോഗ്യമന്ത്രി റോബർട്ടോ സ്പെറാൻസ തയാറായപ്പോഴാണ് പ്രാദേശിക മുന്നറിയിപ്പ്.

എന്നാൽ ജൂണ്‍ 3 മുതൽ പ്രദേശങ്ങൾക്കിടയിലുള്ള യാത്രകൾ വീണ്ടും അനുവദിക്കുന്നതിനുള്ള ഇറ്റാലിയൻ ഗവണ്‍മെന്‍റിന്‍റെ താൽക്കാലിക പദ്ധതിക്കും ചില അന്താരാഷ്ട്ര യാത്രകൾക്കും സർക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മേയ് മാസത്തിലുടനീളം മറ്റു മിക്ക നിയമങ്ങളും ഒഴിവാക്കി രാജ്യത്തെ ലോക്ക്ഡൗണിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിന്‍റെ അടുത്ത ഘട്ടമാണിത്.

ഇറ്റലി അടക്കം കൊറോണബാധിതമായ പ്രദേശങ്ങളിലേക്ക് ജൂലൈ ഒന്നിന് സർവീസുകൾ പുനരാരംഭിക്കുമെന്ന് റിയാൻഎയർ അറിയിച്ചു. സ്പെയ്ൻ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്.
അയർലൻഡ്, ബെൽജിയം, ജർമനി, നെതർലൻഡ്സ്, യുകെ എന്നിവിടങ്ങളിൽ നിന്ന് അതേ ദിവസം വിമാനങ്ങൾ പുറപ്പെടും. യൂറോപ്പിലെ ചെലവു കുറഞ്ഞ എയർലൈനുകളിൽ ഏറ്റവും വലുതാണ് റിയാൻഎയർ.

കൊറോണ പാൻഡെമിക് മൂലം ഇറ്റലിയിലേക്കുള്ള അതിർത്തി തുറക്കലിനെ ഓസ്ട്രിയയിലെ ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ എതിർത്തു. ഇറ്റലി ഇപ്പോഴും ഒരു ഹോട്ട്സ്പോട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്വിറ്റ്സർലൻഡ് ജൂണിൽ ലോക്ക്ഡൗണ്‍ ഏറെക്കുറെ പൂർണമായി പിൻവലിക്കും


സൂറിച്ച്: ജൂണിൽ രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏറെക്കുറെ പൂർണമായി പിൻവലിക്കുമെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ൻ ബെർസെറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വിറ്റ്സർലൻഡ് പുനർജനിച്ചിരിക്കുകയാണെന്നും വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് നമുക്കിപ്പോൾ ബോധ്യമുണ്ടെ ന്നും സ്വിസ് പ്രസിഡന്‍റ് സിമോണെറ്റ സോമാരുഗ. ഇപ്പോൾ ആഴ്ചകളായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ നിരക്കിൽ തുടരുകയാണെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.

മാർച്ച് 16 മുതൽ തുടരുന്ന അടിയന്തരാവസ്ഥയുടെ ഏറ്റവും പുതിയ കാലാവധി ജൂണ്‍ 19ന് അവസാനിക്കുകയാണ്. അതു നീട്ടാൻ സാധ്യതയില്ലെന്ന് ബെർസെറ്റ് സൂചന നൽകി. അതേസമയം, സാധ്യമായ സ്ഥാപനങ്ങളെല്ലാം വർക്ക് ഫ്രം ഹോം സന്പ്രദായം തുടരണം എന്നാണ് സർക്കാർ അനൗപചാരികമായി നൽകിയിരിക്കുന്ന ഉപദേശം. യാത്രകൾ ഒഴിവാക്കാൻ സാധിക്കാത്തവർ തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, രാജ്യത്തു തളർച്ചയിലായ ടൂറിസം വ്യവസായത്തെ കരകയറ്റാൻ നവീനമായൊരു നിർദേശം നാഷണൽ കൗണ്‍സിലിനു മുന്നിൽ വന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരൻമാർക്കും ആഭ്യന്തര വിനോദ സഞ്ചാരം നടത്തുന്നതിന് 200 ഫ്രാങ്കിന്‍റെ വൗച്ചറുകൾ നൽകുക എന്നതാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ