+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യന്‍ യൂണിയന്‍ ബജറ്റ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു

ബ്രസല്‍സ്: വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കാര്യമായ ധാരണയൊന്നുമാകാതെ പിരിഞ്ഞു. അതിസമ്പന്ന രാജ്യങ്ങളും അങ്ങനെയല്ലാത്തവരും തമ്മില്‍ നിലനില്‍ക
യൂറോപ്യന്‍ യൂണിയന്‍ ബജറ്റ് ചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു
ബ്രസല്‍സ്: വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കാര്യമായ ധാരണയൊന്നുമാകാതെ പിരിഞ്ഞു. അതിസമ്പന്ന രാജ്യങ്ങളും അങ്ങനെയല്ലാത്തവരും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഉച്ചകോടി പരാജയമാകാന്‍ കാരണം.

ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളാണ് അതിസമ്പന്ന വിഭാഗത്തില്‍പ്പെടുന്നത്. ജിഡിപിയുടെ ഒരു ശതമാനത്തിനു മുകളില്‍ വരുന്ന ബജറ്റ് അംഗീകരിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.

ഏഴു വര്‍ഷ ബജറ്റില്‍ 75 ബില്യൺ യൂറോയുടെ കുറവാണ് ബ്രെക്സിറ്റ് കാരണം ഉണ്ടാകുന്നത്. ഇതുകൂടി പരിഹരിക്കാന്‍ ഉദ്ദേശിച്ചുള്ള നിര്‍ദേശങ്ങള്‍ അടുത്ത ബജറ്റില്‍ പ്രതീക്ഷിക്കുന്നു. 2021 മുതല്‍ 2027 വരെയുള്ള കാലഘട്ടത്തിലെ ബജറ്റാണ് ഇനി അവതരിപ്പിക്കാനിരിക്കുന്നത്.

അഭിപ്രായവ്യത്യാസങ്ങള്‍ വളരെ വലുതായതിനാലാണ് ചര്‍ച്ചയില്‍ തീരുമാനമാകാതെ പോയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഈ വിഷയത്തിലേക്കു തിരിച്ചുവരുമെന്നും അവര്‍ ഉറപ്പു നല്‍കി.

നിര്‍ദേശങ്ങള്‍ തടസപ്പെടുത്താന്‍ രാജ്യങ്ങള്‍ കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. നാലു സമ്പന്ന രാജ്യങ്ങളുടെ ഗ്രൂപ്പിനെയും, സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളുടെ ഗ്രൂപ്പിനെയുമാണ് മാക്രോണ്‍ പേരെടുത്തു പറയാതെ പരാമര്‍ശിച്ചത്.

ഉച്ചകോടിയുടെ ചെയര്‍മാന്‍ ചാള്‍സ് മിച്ചല്‍, ജിഡിപിയുടെ 1.069 ശതമാനം വരുന്ന ബജറ്റ് എന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം വച്ചെങ്കിലും ഇരു ഗ്രൂപ്പുകളും ഒരുപോലെ തള്ളിക്കളയുകയായിരുന്നു. 1.074 ശതമാനമാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. ഇതിന് 1.09 ട്രില്യൺ യൂറോ മൂല്യം വരും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍