+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തുരിംഗനിലെ വലതു മുന്നേറ്റം: ആശങ്കയില്‍ കണ്‍സര്‍വേറ്റീവുകള്‍

ബര്‍ലിന്‍: പൂര്‍വ ജര്‍മന്‍ സ്‌റേററ്റായ തുരിംഗനില്‍ എ എഫ് ഡി നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ഭാഗിക വിജയം മുഖ്യധാരാ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നു.ഇടതു പ്രതിനിധിയെ താഴെയിറക്കി, അഞ്ച് അംഗങ്ങള്‍ മാ
തുരിംഗനിലെ വലതു മുന്നേറ്റം: ആശങ്കയില്‍ കണ്‍സര്‍വേറ്റീവുകള്‍
ബര്‍ലിന്‍: പൂര്‍വ ജര്‍മന്‍ സ്‌റേററ്റായ തുരിംഗനില്‍ എ എഫ് ഡി നടത്തിയ രാഷ്ട്രീയ നാടകത്തിന്റെ ഭാഗിക വിജയം മുഖ്യധാരാ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നു.

ഇടതു പ്രതിനിധിയെ താഴെയിറക്കി, അഞ്ച് അംഗങ്ങള്‍ മാത്രമുള്ള എഫ് ഡി പി പ്രതിനിധിയെ പ്രധാനമന്ത്രിയാക്കാന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡി നടത്തിയ നീക്കങ്ങള്‍ക്കു സാധിച്ചിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന്, തെരഞ്ഞെടുക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി കെമ്മറിച്ചിനു രാജിവയ്‌ക്കേണ്ടി വന്നു.

എന്നാല്‍, ഒരു ദിവസത്തേക്കു മാത്രമെങ്കിലും തങ്ങള്‍ ഉദ്ദേശിച്ചയാളെ പ്രധാനമന്ത്രിയാക്കാന്‍ എ എഫ് ഡി നടത്തിയ നീക്കങ്ങള്‍ക്കു സാധിച്ചത് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ക്രിസ്‌ററ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

നിലവില്‍ തുരിംഗിയന്‍ സ്‌റേററ്റ് പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാണ് എ എഫ് ഡി. ഭരണത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താനുള്ള ശ്രമത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ പരാജയപ്പെടുന്നു എന്ന വിമര്‍ശനം ശക്തമാണ്. മെര്‍ക്കല്‍ സര്‍ക്കാര്‍ കുടിയേറ്റ വിഷയത്തില്‍ അടക്കം സ്വീകരിച്ച നിലപാടുകളിലെ പാളിച്ചയും ഇതിനു കാരണമാകുന്നതായി ആരോപണമുയരുന്നു.

ചാന്‍സലര്‍ സ്ഥാനത്ത് മെര്‍ക്കല്‍ സ്വയം നിശ്ചയിച്ച സമയപരിധി കഴിയാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമാണു ബാക്കിയുള്ളതെങ്കിലും അവരുടെ നേതൃത്വം ഇത്രയും രൂക്ഷമായി ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഇതിനു മുമ്പ് അധികമുണ്ടായിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍