+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തോത്താ പുൽക്രാ' ഡിസംബർ 7 ന്, തീം സോംഗ് പുറത്തിറങ്ങി

ബെർമിംഗ്ഹാം: ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റവ. ഫാ.
ബെർമിംഗ്ഹാം: ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി കോ ഓർഡിനേറ്റർ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്‍റ് ജോളി മാത്യു എന്നിവർ അറിയിച്ചു.

രൂപതയുടെ എട്ടു റീജണുകളിൽ നിന്നുമായി രാണ്ടായിരത്തോളം വനിതകളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. പ്രത്യേകം കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി
ഇടവക , മിഷൻ കേന്ദ്രീകരിച്ചും അല്ലാതെയും ഡിസംബർ 7ന് (ശനി) ബഥേൽ കൺവൻഷൻ സെന്‍ററിൽ എത്തുവാനുള്ള ഒരുക്കത്തിലാണ് വനിതാ ഫോറം പ്രവർത്തകർ. സംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി ഫാ. ഷാജി തുമ്പേചിറയിൽ രചനയും സംഗീതവും നിർവഹിച്ച പ്രത്യേക തീം സോംഗും പുറത്തിറക്കിയിട്ടുണ്ട് .

"തോത്താ പുൽക്രാ' എന്നു പരിശുദ്ധ കന്യാമാതാവിനെ വിശേഷിപ്പിച്ചുകൊണ്ട് ആദിമസഭയിലെ പ്രാർഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (തോത്താ പുൽക്രാ" 'സർവമനോഹരി' എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരിശുദ്ധ കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിന്‍റെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.

രാവിലെ 9 ന് റജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. 10നു ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും. രൂപതയിൽ ശുശ്രൂഷചെയ്യുന്ന വൈദികർ സഹകാർമികരായിരിക്കും. റവ . ഫാ. ജോസ് അഞ്ചാനിക്കലിന്‍റെ നേതൃത്വത്തിൽ ഉള്ള നൂറ്റിപ്പത്തോളം വനിതകൾ ഉൾപ്പെടുന്ന ഗായകസംഘം ആയിരിക്കും ഗാനശുശ്രൂഷക്കു നേതൃത്വം നൽകുന്നത് .ഉച്ചയ്ക്കുശേഷം വിവിധ റീജണുകൾ അണിയിച്ചൊരുക്കുന്ന വർണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്‍റെ ഉദ്ഘാടനവും അന്നേദിവസം നടക്കും.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ