+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ അമ്മയുടെ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ച മകൻ പിടിയിൽ

ബർലിൻ: അമ്മയുടെ പെൻഷൻ കരസ്ഥമാക്കാൻ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ചു വച്ച 57 കാരനായ മകൻ ജർമനിയിൽ പിടിയിലായി. ഗെർഡ അന്ന മരിയാ എന്ന എണ്‍പത്തിയഞ്ചുകാരിയുടെ പേരിലാണ് മരണശേഷവും മകൻ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന
ജർമനിയിൽ അമ്മയുടെ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ച മകൻ പിടിയിൽ
ബർലിൻ: അമ്മയുടെ പെൻഷൻ കരസ്ഥമാക്കാൻ മൃതദേഹം രണ്ടര വർഷം ഒളിപ്പിച്ചു വച്ച 57 കാരനായ മകൻ ജർമനിയിൽ പിടിയിലായി. ഗെർഡ അന്ന മരിയാ എന്ന എണ്‍പത്തിയഞ്ചുകാരിയുടെ പേരിലാണ് മരണശേഷവും മകൻ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. അമ്മ അതാഗ്രഹിച്ചിരുന്നു എന്നാണ് ഇയാൾ പ്രോസിക്യൂട്ടർമാരോടു പറഞ്ഞത്. സ്വന്തമായി നിർമിച്ച ശവപ്പെട്ടിയിൽ വീടിന്‍റെ ഭൂഗർഭ അറയിലാണ് ഇതുവരെ മൃതദേഹം സൂക്ഷിച്ചിരുന്നത്. ബർലിനിലാണ് സംഭവം.

തൊഴിൽ രഹിതനായ മകൻ അമ്മയോടൊപ്പം ബർലിൻ നഗരത്തിലെ വാടക വീട്ടിലായിരുന്നു താമസം. ബന്ധുക്കളുമായോ, അയൽക്കാരുമായോ ഇയാൾക്ക് അടുപ്പമില്ലായിരുന്നു. പെട്ടെന്നൊരു ദിനം ഗെർഡയെ കാണാതെ വന്നപ്പോൾ അയൽക്കാർ അവരെപ്പറ്റി ഇയാളോട് ആരായുകയും അമ്മയെ സ്പെയിനിൽ ഒരു വൃദ്ധ സദനത്തിൽ ആക്കിയിരിയ്ക്കയാണെന്ന് ഇയാൾ മറുപടി പറഞ്ഞു. പിന്നീട് കാലം ഇത്രയുമായിട്ടും അയൽക്കാരുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽക്കാരാണ് മകനെ പോലീസിൽ കുടുക്കിയത്. ഒടുവിൽ പൊലീസ് അറസ്റ്റുചെയ്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ ചുരുൾ നിവർന്നത്.

അമ്മയ്ക്കു പ്രതിമാസം ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ തുകയായ 1,470 യൂറോ ബാങ്കിൽ നിന്ന് ഇയാൾ കഴിഞ്ഞ രണ്ടു വർഷമായി കൈപ്പറ്റിയതായി പോലീസ് കണ്ടെത്തി. തൊഴിൽ രഹിത വേതനമായി ഇയാൾക്ക് 950 യൂറോ സർക്കാരും നൽകിയിരുന്നു.

2017 മേയ് മൂന്നിനാണ് ഗേർഡാ മരിച്ചതെന്നും പോലീസിൽ മൊഴി നൽകി. നിലവറയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്നും ദുർഗന്ധം പുറത്തു വരാതെയിരിക്കാൻ പ്രത്യേകം രാസവസ്തുക്കൾ പെട്ടിയിൽ നിറച്ചാണ് മൃതദേഹം വെച്ചിരുന്നതെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. ഗെർഡയുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടത്തിയപ്പോൾ സാധാരണ മരണമാണെന്നും തെളിഞ്ഞു. മൃതദേഹം ഒളിപ്പിച്ചതിനും വഞ്ചനാ കുറ്റത്തിനും ഇയാളെ കോടതിയിൽ ഹാജരാക്കിയിരിയ്ക്കയാണ്. അഞ്ചു വർഷംവരെ ശിക്ഷലഭിയ്ക്കാവുന്ന കേസാണിതെന്ന് നിയമവൃത്തങ്ങൾ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ