കര്‍ണാടകയ്ക്ക് പ്രളയസഹായവുമായി കേരളസമാജം

11:09 PM Aug 16, 2019 | Deepika.com
ബംഗളൂരു: കർണാടകയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് സഹായവുമായി കേരളസമാജം രംഗത്ത്‌. ബലഗാവി, ബാഗല്‍കോട്ട്, ധാര്‍വാഡ്, കാര്‍വാര്‍, ഉത്തരകന്നഡ, ദക്ഷിണകന്നഡ, കൂര്‍ഗ്, ചിക്കമഗളൂരു എന്നിവിടങ്ങളില്‍ സഹായമെത്തിക്കാന്‍ കേരളസമാജം നേതൃയോഗം തീരുമാനിച്ചു. കേരളസമാജത്തിന്‍റെയും കെഎന്‍ഇ ട്രസ്റ്റിന്‍റെയും നേതൃത്വത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുലക്ഷം രൂപ നല്‍കുമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം വൈസ് പ്രസിഡന്‍റ് പി. വിക്രമന്‍പിള്ള അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറല്‍സെക്രട്ടറി റജി കുമാര്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.വി. മനു, കള്‍ച്ചറല്‍ സെക്രട്ടറി വി.എല്‍. ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭന്‍, വൈസ് പ്രസിഡന്‍റ് എം. ഹനീഫ്, സെക്രട്ടറി ഗോപിനാഥന്‍, ട്രഷറര്‍ ബി.വി. രമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അരി, ധാന്യങ്ങള്‍, ബിസ്കറ്റ്, പുതപ്പുകള്‍, പായ, വസ്ത്രങ്ങള്‍ (ഉപയോഗിക്കാത്തവ), ടൂത്ത് പൗഡര്‍, ടൂത്ത്‌പേസ്റ്റ്‌, ബ്രഷ്, സോപ്പ്, മുതലായവയാണ് ശേഖരിക്കുന്നത്. ഇവ നാളെമുതല്‍ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിക്കും.

ആദ്യഘട്ട പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അഞ്ച് ട്രക്ക് ലോഡുകളിലായി അവശ്യസാധനങ്ങള്‍ കര്‍ണാടകയിലെ പ്രളയബാധിതമേഖലകളില്‍ എത്തിക്കാനുള്ള നടപടിയാണ് കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഭക്ഷണ കിറ്റുകള്‍, ഹെല്‍ത്ത് കിറ്റുകള്‍ എന്നിവ തയാറാക്കി നല്കും. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ താത്പര്യമുള്ള സംഘടനകളും വ്യക്തികളും സമാജവുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ദിരാനഗറില്‍ ഇന്നുമുതല്‍ കേന്ദ്രീകൃത കളക്ഷന്‍ കേന്ദ്രം തുറന്നുപ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.