കുരുക്കഴിക്കാൻ ഇന്നർ റിംഗ് മെട്രോ വരുന്നു

10:47 PM Jul 16, 2019 | Deepika.com
ബംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഇന്നർ റിംഗ് മെട്രോ വരുന്നു. ഇതു സംബന്ധിച്ച പദ്ധതി റിപ്പോർട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബിഎംആർസിഎലിനു കൈമാറി. നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ചുറ്റി 35 കിലോമീറ്റർ ദൈർഘ്യമുള്ള ഭൂഗർഭപാതയാണ് പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. നിർദേശം പരിഗണിച്ച ബിഎംആർസിഎൽ പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ വിദഗ്ധരോട് ആവശ്യപ്പെട്ടു.

യശ്വന്തപുര, മേഘ്‌രി സർക്കിൾ, കന്‍റോൺ‌മെന്‍റ്, ഇന്ദിരാനഗർ, ഡൊംലൂർ, കോറമംഗല ഇൻഡോർ സ്റ്റേഡിയം, അശോക പില്ലർ, ബിഎംഎസ് സർക്കിൾ, ടോൾ ഗേറ്റ്, മഹാലക്ഷ്മി ലേഔട്ട് തുടങ്ങിയ ഭാഗങ്ങളിലൂടെയാകും ഇന്നർ റിംഗ് മെട്രോ കടന്നുപോകുന്നത്. അതേസമയം, പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് അന്തിമതീരുമാനമായിട്ടില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇന്നർ റിംഗ് മെട്രോയ്ക്ക് സാധിക്കുമോ എന്ന് പഠനം നടത്തിവരികയാണെന്നും ഇതിനു ശേഷം അന്തിമതീരുമാനമെടുക്കുമെന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.