+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം അടുത്ത ശനിയാഴ്ച

വാല്‍സിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥടനകേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിംഗ്ഹാം മാതാവിന്റെ തി
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം അടുത്ത ശനിയാഴ്ച
വാല്‍സിംഗ്ഹാം: യൂറോപ്പിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥടനകേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത എല്ലാ വര്‍ഷവും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനവും വാല്‍സിംഗ്ഹാം മാതാവിന്റെ തിരുന്നാളും ജൂലൈ 20 ശനിയാഴ്ച നടക്കും. ബ്രിട്ടനില്‍ നിന്നും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികളായ മരിയഭക്തര്‍ അനുഗ്രഹം തേടിയെത്തുന്ന ഈ തീര്‍ത്ഥാടനം വാല്‍സിംഗ്ഹാമില്‍ നടത്തപ്പെടുന്ന വിശ്വാസകൂട്ടായ്മകളില്‍ രണ്ടാമത്തെ വലിയ തീര്‍ത്ഥാടനമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ രൂപതയിലെ വികാരി ജനറാള്‍മാര്‍, വൈദികര്‍, സന്യസ്തര്‍, ഡീക്കന്മാര്‍ എന്നിവര്‍ക്കൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും.

ഈ വര്‍ഷത്തെ തിരുനാള്‍ ദിവസമായ അടുത്ത ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കുശേഷം പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ യുകെ ഡയറക്ടറുമായ റവ. ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് അടിമ വയ്ക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 12: 45 നു മരിയഭക്തിവിളിച്ചോതുന്ന പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കും. രൂപതയുടെ വിവിധ ഇടവക/മിഷന്‍/പ്രോപോസ്ഡ് മിഷന്‍ സ്ഥലങ്ങളില്‍നിന്നെത്തുന്നവര്‍ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വാല്‍സിംഗ്ഹാം മാതാവിന്റെ രൂപവും വഹിച്ചുകൊണ്ടു നടത്തുന്ന തീര്‍ത്ഥാടനം മരിയഭക്തി ഗീതങ്ങളാലും ജപമാലയാലും മുഖരിതമായിരിക്കും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന തിരുന്നാള്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള വൈദികര്‍ തിരുന്നാള്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരാകും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കും. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മൂന്നാമതു വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ഏറ്റെടുത്തു നടത്തുന്നത് കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയാണ്. തീര്‍ത്ഥാടകര്‍ക്കായി എത്തുന്ന വിശ്വാസികള്‍ക്കായി എല്ലാവിധക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളീയ ഭക്ഷണ സ്റ്റാളുകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച എത്തുന്ന വിശ്വാസസമൂഹത്തെ സ്വീകരിക്കുവാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്