വെള്ളമില്ല; വാഴയിലയിൽ ഭക്ഷണം കൊണ്ടുവരാൻ വിദ്യാർഥികളോട് സ്കൂളുകൾ

10:45 PM Jun 17, 2019 | Deepika.com
ബംഗളൂരു: ജലക്ഷാമം രൂക്ഷമായ ഉത്തരകന്നഡയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വാഴയിലയിലാക്കി വിദ്യാർഥികൾ. പാത്രം കഴുകാൻ വെള്ളമില്ലാത്ത സാഹചര്യത്തിൽ ഉച്ചഭക്ഷണം വാഴയിലയിൽ കൊണ്ടുവരാനാണ് സ്കൂളുകൾ വിദ്യാർഥികൾക്ക് നല്കിയിരിക്കുന്ന നിർദേശം. വരൾച്ച രൂക്ഷമായതോടെ ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളും വറ്റിയിരുന്നു. കുടിവെള്ളം പോലും ദുർലഭമായ സാഹചര്യത്തിലാണ് സ്കൂളുകൾ ഇത്തരമൊരു തീരുമാനമെടുത്തത്.

ഉഡുപ്പി ജില്ലയിലെ ഏതാനും സ്കൂളുകളിൽ ജലക്ഷാമം മൂലം ഉച്ചവരെയെ ക്ലാസുകളുള്ളൂ. ഉച്ചഭക്ഷണം വിദ്യാർഥികൾ വീട്ടിൽ ചെന്ന് കഴിച്ചാൽ മതിയെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. ജലക്ഷാമത്തെ തുടർന്ന് കാലാബുരാഗി, യാദ്ഗിർ ജില്ലകളിലെ ഏതാനും സ്കൂളുകൾ തുറക്കാൻ വൈകിയിരുന്നു. സ്കൂളുകൾക്ക് ടാങ്കറുകളിൽ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും അത് അപര്യാപ്തമാണെന്നാണ് പരാതി. സംസ്ഥാനത്തെ 176 താലൂക്കുകളിൽ 156 എണ്ണവും വരൾച്ചാബാധിതമാണ്.