ബംഗളൂരു: ബസ് യാത്രികരായ സ്ത്രീകൾക്ക് സുരക്ഷയൊരുക്കാൻ ഇനി ബിഎംടിസിയുടെ പിങ്ക് സാരഥി വാഹനങ്ങളെത്തും. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 25 പട്രോളിംഗ് വാഹനങ്ങളാണ് പിങ്ക് സാരഥി എന്ന പേരിൽ ബിഎംടിസി നിരത്തിലിറക്കിയത്. പ്രധാനപ്പെട്ട റൂട്ടുകളിലും ബസ് സ്റ്റാൻഡുകളിലും ഈ വാഹനങ്ങൾ പട്രോളിംഗ് നടത്തും. സ്ത്രീകൾക്ക് യാത്രയ്ക്കിടെ ഏത് അടിയന്തര സാഹചര്യങ്ങളിലും പിങ്ക് സാരഥിയുടെ സേവനം തേടാനാകും.
ബിഎംടിസി ബസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പിങ്ക് സാരഥി പദ്ധതി നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. കേന്ദ്രസർക്കാരിൻറെ നിർഭയ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബസുകളിൽ നേരിടുന്ന ലൈംഗിക അതിക്രമം, ജീവനക്കാരിൽ നിന്നുമുള്ള മോശം പെരുമാറ്റം തുടങ്ങിയ പരാതികളെല്ലാം പിങ്ക് സാരഥിയെ അറിയിക്കാം. കേന്ദ്രീകൃത കണ്ട്രോൾ റൂമിലേക്കാണ് സന്ദേശം ആദ്യമെത്തുക. അവിടെനിന്ന് ജിപിഎസ് സംവിധാനമുപയോഗിച്ച് ബസിനു ഏറ്റവുമടുത്തുള്ള പിങ്ക് സാരഥി വാഹനം കണ്ടെത്തിയ ശേഷം അവർക്ക് പരാതി കൈമാറും. പരാതി ലഭിച്ചാൽ ഉടൻ തന്നെ വാഹനം ബസിനു സമീപമെത്തും. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാനും പിങ്ക് സാരഥി ജീവനക്കാർക്ക് കഴിയും.
സ്ത്രീകൾക്ക് ഇനി ധൈര്യമായി യാത്രചെയ്യാം; പിങ്ക് സാരഥിയെത്തി
10:46 PM Jun 12, 2019 | Deepika.com