ബംഗളൂരു: ബംഗളൂരു മലയാളികൾക്ക് കന്നഡ പഠിക്കാൻ കേരള സമാജം അവസരം ഒരുക്കുന്നു. കർണാടക സർക്കാരിൻറെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ’കന്നഡ കലിയോണ’ എന്ന പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനം കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. കന്നഡ വികസന അതോറിറ്റി സെക്രട്ടറി ഡോ. മുരളീധർ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കന്നഡ വികസന അതോറിറ്റി അംഗം പ്രഭാകർ പട്ടേൽ, ഡോ ജ്ഞാനമൂർത്തി, കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ജോയിൻറ് സെക്രട്ടറി ജെയ്ജോ ജോസഫ്, അസിസ്റ്റൻറ് സെക്രട്ടറി വി.എൽ. ജോസഫ്, കഐൻഇ ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബംഗളൂരുവിൽ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് കേരളസമാജം ഉദ്ദേശിക്കുന്നത്. ഇന്ദിരാനഗർ കൈരളീനികേതൻ കാന്പസിൽ ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടക്കും. രണ്ടാമത്തെ ക്ലാസ് ഹൊസൂർ റോഡ് എസ്ജി പാളയയിൽ കേരളസമാജം സിറ്റി സോണിൻറെ നേതൃത്വത്തിൽ ഇന്ന് ആരംഭിക്കും. മൂന്നുമാസം നീണ്ടു നിൽക്കുന്ന പഠനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോണ്: 7619651419 (ഇന്ദിരാനഗർ), 9019112467 (എസ്ജി പാളയ)
കേരള സമാജം ’കന്നഡ കലിയോണ’ പദ്ധതിക്ക് തുടക്കം
10:19 PM Jun 10, 2019 | Deepika.com