ബംഗളൂരു: ബംഗളൂരു മലയാളികൾക്ക് കന്നഡ പഠിക്കാൻ കേരളസമാജം അവസരമൊരുക്കുന്നു. കർണാടക സർക്കാരിൻറെ കീഴിലുള്ള കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെയാണ് ’കന്നഡ കലിയോണ’ എന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിൻറെ കേന്ദ്രതല ഉദ്ഘാടനം ജൂണിൽ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ നടക്കും.
കേരളസമാജത്തിൻറെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ക്ലാസ് ഇന്ദിരാനഗർ കൈരളീനികേതൻ കാന്പസിൽ ജൂണിൽ തുടങ്ങും. രണ്ടാമത്തെ ക്ലാസ് ഹോസൂർ റോഡ് എസ്ജി പാളയയിൽ കേരളസമാജം സിറ്റി സോണിന്റെ നേതൃത്വത്തിൽ നടക്കും. മൂന്നു മാസം നീണ്ടുനിൽക്കുന്ന പഠനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ സർട്ടിഫിക്കറ്റുകൾ നൽകും. മലയാളികളെ കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സോണുകളിലും പരിപാടി വ്യാപിപ്പിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച യോഗത്തിൽ കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വിക്രമൻ പിള്ള, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോയിൻറ് സെക്രട്ടറി ജയ്ജോ ജോസഫ്, അസിസ്റ്റൻറ് സെക്രട്ടറി കെ.വി. മനു, കൾച്ചറൽ സെക്രട്ടറി വി.എൽ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോണ്: 7619651419 (ഇന്ദിരാനഗർ), 9019112467 (എസ്ജി പാളയ).
കന്നഡ പഠിപ്പിക്കാൻ ’കന്നഡ കലിയോണ’ പദ്ധതിയുമായി കേരളസമാജം
10:04 PM May 29, 2019 | Deepika.com