കുടിവെള്ള ടാങ്കറിലും ജിപിഎസ് നിർബന്ധം

10:21 PM May 21, 2019 | Deepika.com
ബംഗളൂരു: സംസ്ഥാനത്തെ കുടിവെള്ള ടാങ്കർ ലോറികളിൽ ജിപിഎസ് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഗ്രാമീണ മേഖലകളിൽ കുടിവെള്ള വിതരണത്തിന് എത്തുന്ന ടാങ്കറുകൾ കൃത്രിമം കാട്ടുന്നുവെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടിയെടുക്കുന്നത്.

സംസ്ഥാനത്തെ മുപ്പതിനായിരത്തോളം ഗ്രാമങ്ങളിൽ സ്വകാര്യ ടാങ്കർ ലോറികളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവർക്ക് പണം നല്കുന്നത്. എന്നാൽ വെള്ളം വിതരണം ചെയ്യാതെ ടാങ്കറുകൾ കൃത്രിമം കാട്ടുന്നതായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടാങ്കറുകളിൽ ജിപിഎസ് ഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ടാങ്കർ ലോറികൾ വെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കണ്ടെത്താൻ കഴിയും. ജിപിഎസ് വിവരങ്ങൾ ശേഖരിച്ച് അവലോകനം ചെയ്യാൻ ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കും.