+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഭയാര്‍ഥികളുടെ നാടുകടത്തല്‍; ജര്‍മനി നിയമനിര്‍മാണം കൊണ്ടുവരും

ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരുടെ നാടുകടത്തല്‍ എളുപ്പമാക്കുന്ന തരത്തില്‍ ജര്‍മനി നിയമ ഭേദഗതി നടപ്പാക്കുന്നു. കുടിയേറ്റ അഭയാര്‍ഥിത്വ വിരുദ്ധ നിലപാടുകളില്‍ കര്‍ക്കശക്കാരനായ സി എസ് യു
അഭയാര്‍ഥികളുടെ നാടുകടത്തല്‍; ജര്‍മനി നിയമനിര്‍മാണം കൊണ്ടുവരും
ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരുടെ നാടുകടത്തല്‍ എളുപ്പമാക്കുന്ന തരത്തില്‍ ജര്‍മനി നിയമ ഭേദഗതി നടപ്പാക്കുന്നു. കുടിയേറ്റ - അഭയാര്‍ഥിത്വ വിരുദ്ധ നിലപാടുകളില്‍ കര്‍ക്കശക്കാരനായ സി എസ് യു പ്രതിനിധിയും ആഭ്യന്തര മന്ത്രിയുമായ ഹോഴ്‌സ്റ്റ് സീഹോഫറാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഭയാര്‍ഥിത്വം ലഭിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞിട്ടും രാജ്യത്തു തുടരുന്നവരെ വന്നയിടങ്ങളിലേക്കു തന്നെ തിരിച്ചയയ്ക്കുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്‍ പാസാകുമെന്നു തന്നെയാണ് വിലയിരുത്തല്‍.

അതേസമയം, ജര്‍മനിയിലെ സ്റ്റേറ്റുകളെല്ലാം ഭേദഗതി അതേപടി അംഗീകരിച്ചിട്ടില്ല. നാടുകടത്താനുള്ളവരെ സ്റ്റേറ്റ് ജയിലുകളില്‍ താമസിപ്പിക്കണമെന്ന നിര്‍ദേശം സ്റ്റേറ്റ് ഭരണകൂടങ്ങള്‍ക്കു ബാധ്യതയാകും എന്നതിനാലാണിത്.

കഴിഞ്ഞ വര്‍ഷം ഇരുപത്തയ്യായിരം പേരെയാണ് ജര്‍മനി നാടുകടത്തിയത്. യഥാര്‍ഥത്തില്‍ നാടുകടത്താന്‍ ഉത്തരവ് ലഭിച്ചവരില്‍ പത്തു ശതമാനം മാത്രമായിരുന്നു ഇത്.

നിയമ ഭേദഗതി അനുസരിച്ച് സ്റ്റേറ്റ് ജയിലുകളില്‍ ആയിരത്തോളം പ്രീ ഡിപ്പോര്‍ട്ടേഷന്‍ സെല്ലുകള്‍ ആരംഭിക്കണം. ഐഡന്‍റിറ്റി മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നവരെ 14 ദിവസം തടവില്‍ വയ്ക്കാനും വ്യവസ്ഥയുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍