ആദായനികുതി റെയ്ഡ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെടണമെന്ന് മുഖ്യമന്ത്രി

09:11 AM Apr 02, 2019 | Deepika.com
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ്, ജെഡി-എസ് പ്രവർത്തകർക്കെതിരായി നടക്കുന്ന ആദായനികുതി റെയ്ഡുകൾ നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവർത്തകരെ ഭീഷണിപ്പെടുത്താനും ഭയം വളർത്താനുമുള്ള നാണംകെട്ട നടപടിയാണ് റെയ്ഡെന്ന് കുമാരസ്വാമി വിശേഷിപ്പിച്ചത്.

'ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് തുടരുകയാണ്, അവർ കോൺഗ്രസ്, ജെഡി-എസ് പ്രവർത്തകരുടെ അരിമില്ലുകളും പഞ്ചസാര മില്ലുകളും റെയ്ഡ് ചെയ്ത് അവിടങ്ങളിൽ ഒളികാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരായി ചമഞ്ഞ അവർ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തങ്ങുകയാണ്.'- കുമാരസ്വാമി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മാണ്ഡ്യ, ഹാസൻ ലോക്സഭാ മണ്ഡലത്തിന്‍റെ പരിധിയിലുള്ള ജെഡി-എസിന്‍റെ 68 സ്ഥലങ്ങളിൽ ആദായനികുതിവകുപ്പ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് രാഷ്രീയപരമെന്ന് ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെയും കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയുടെയും ജി. പരമേശ്വരയുടെയും നേതൃത്വത്തിൽ മന്ത്രിമാർ ബംഗളൂരുവിലെ ആദായനികുതി വകുപ്പ് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.