+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്സിറ്റ്: മേയ് 22 വരെ നീട്ടാൻ യൂറോപ്യൻ യൂണിയൻ കരട് നിർദേശം

ബ്രസൽസ്: ബ്രെക്സിറ്റ് ജൂണ്‍ മുപ്പതു വരെ നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർഥന കണക്കിലെടുത്ത യൂറോപ്യൻ യൂണിയൻ, മേയ് 22 വരെ നീട്ടിവയ്ക്കാമെന്ന് കരട് നിർദേശത്തിൽ വാഗ്ദാനം ചെയ്യുന്നു.
ബ്രെക്സിറ്റ്: മേയ് 22 വരെ നീട്ടാൻ യൂറോപ്യൻ യൂണിയൻ കരട് നിർദേശം
ബ്രസൽസ്: ബ്രെക്സിറ്റ് ജൂണ്‍ മുപ്പതു വരെ നീട്ടണമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അഭ്യർഥന കണക്കിലെടുത്ത യൂറോപ്യൻ യൂണിയൻ, മേയ് 22 വരെ നീട്ടിവയ്ക്കാമെന്ന് കരട് നിർദേശത്തിൽ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, പ്രധാനമന്ത്രി അവതരിപ്പിക്കുന്ന പിൻമാറ്റ കരാർ അടുത്ത ആഴ്ച തന്നെ ബ്രിട്ടീഷ് പാർലമെന്‍റ് അംഗീകരിച്ചാൽ മാത്രമേ ഇത്തരമൊരു നീട്ടിവയ്ക്കൽ അംഗീകരിക്കൂ എന്ന കർശന ഉപാധിയും യൂറോപ്യൻ യൂണിയൻ മുന്നോട്ടു വയ്ക്കുന്നു.

ഇതു സംബന്ധിച്ച് തെരേസ മേ, ബ്രസൽസിൽ നേരിട്ടെത്തി യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതു കൂടി കണക്കിലെടുത്ത് തയാറാക്കിയ കരട് നിർദേശം മാത്രമാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടു വച്ചിരിക്കുന്നത്. ചർച്ച തുടരുകയായതിനാൽ ഇനിയും മാറ്റങ്ങൾക്കു സാധ്യതയുണ്ട്. മേയ് ഏഴു വരെ നീട്ടിയാൽ മതിയെന്ന നിർദേശവും സജീവമാണ്.

കഴിഞ്ഞ രണ്ടു വട്ടവും തെരേസ മേ, അവതരിപ്പിച്ച കരാർ ബ്രിട്ടീഷ് പാർലമെന്‍റ് തള്ളുകയായിരുന്നു. അടുത്തതും വീണ്ടും നിരാകരിക്കപ്പെടുകയാണെങ്കിൽ കരാറില്ലാതെ തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കരാർ അംഗീകരിക്കുമെങ്കിൽ മാത്രം ബ്രെക്സിറ്റ് നീട്ടിവയ്ക്കുമെന്നതാണ് ഉപാധിയെന്ന് യൂറോപ്യൻ യൂണിയന്‍റെ ബ്രെക്സിറ്റ് ചർച്ചാ സംഘത്തലവൻ മിച്ചൽ ബാർനിയറും വ്യക്തമാക്കി. ഞങ്ങൾക്കു സാധിക്കുന്നതെല്ലാം ചെയ്തു. ഇനിയെല്ലാം ബ്രിട്ടന്‍റെ കൈയിലാണ്, അദ്ദേഹം കൂട്ടിചേർത്തു.

മുൻ തീരുമാനപ്രകാരം മാർച്ച് 29നാണ് ബ്രക്സിറ്റ് നിലവിൽ വരേണ്ടത്. എന്നാൽ ബ്രക്സിറ്റ് നടപ്പാക്കുന്നതിന് മൂന്നു മാസത്തെ അതായത് ജൂണ്‍ 30 വരെ സാവകാശത്തിനായിട്ടാണ് മേയുടെ ഇപ്പോഴത്തെ ശ്രമം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ