ബംഗളൂരു: ഈസ്റ്റർ വിഷു അവധിക്ക് ഒരു മാസം മാത്രം ശേഷിക്കേ നാട്ടിലെത്താൻ സ്പെഷൽ ബസുകൾ കാത്ത് മലയാളികൾ. അവധിക്ക് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ കേരള, കർണാടക ആർടിസി ബസുകളും സ്വകാര്യബസുകളുമാണ് മലയാളികൾക്ക് ആശ്രയം. എന്നാൽ വിഷു ഈസ്റ്റർ അവധി ആരംഭിക്കുന്ന ഏപ്രിൽ 12ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കേരള ആർടിസിയുടെ രാത്രിസർവീസുകളിലെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റുതീർന്നു. പകൽസർവീസുകളിലെ ടിക്കറ്റുകളും അതിവേഗമാണ് തീരുന്നത്. കർണാടക ആർടിസിയിലും ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടക്കുകയാണ്.
പതിവ് ബസുകളിൽ ടിക്കറ്റുകൾ തീർന്നാൽ ഇരു ആർടിസികളും സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി യാത്രികർ. കർണാടക ആർടിസി ആദ്യഘട്ടത്തിൽ 24 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകളുടെ സമയക്രമം ചൊവ്വാഴ്ചയോടെ അറിയാനാകും. തിരക്ക് കൂടുന്നതനുസരിച്ച് സ്വകാര്യബസുകൾ നിരക്ക് കൂടുതൽ ഈടാക്കുന്നുവെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആർടിസി ബസുകളെയാകും യാത്രക്കാർ കൂടുതലായി ആശ്രയിക്കുക.
ഏപ്രിൽ 15നാണ് വിഷു. ഏപ്രിൽ 18ന് പെസഹാ വ്യാഴവും 21ന് ഈസ്റ്ററുമാണ്. ഒരാഴ്ചയോളം അവധിയാണുള്ളത്. മധ്യവേനലവധി കൂടിയായതിനാൽ നിരവധിപ്പേരാണ് ഈസമയത്ത് നാട്ടിലെത്താനിരിക്കുന്നത്. ഏപ്രിൽ 12, 13, 14 തീയതികളിലായിരിക്കും നാട്ടിലേക്ക് ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്. അവധിയ്ക്കുശേഷം 21നും 22നും തിരികെ ബംഗളൂരുവിലേക്കും തിരക്ക് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ കേരളത്തിലേക്കും തിരിച്ചും സ്പെഷൽ ബസുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യമുയരുകയാണ്.
ഈസ്റ്റർ വിഷു അവധിക്ക് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ഈസ്റ്റർ വിഷു അവധി: കേരള, കർണാടക ആർടിസി സ്പെഷൽ ബസുകൾ കാത്ത് മലയാളികൾ
08:19 PM Mar 17, 2019 | Deepika.com