എയറോ ഇന്ത്യ വേദിക്കു സമീപം വൻ തീപിടിത്തം; മുന്നൂറോളം കാറുകൾ കത്തിനശിച്ചു, പ്രദർശനം നിർത്തിവച്ചു

10:43 PM Feb 23, 2019 | Deepika.com
ബംഗളൂരു: എയറോ ഇന്ത്യ വ്യോമപ്രദർശനം നടക്കുന്ന യെലഹങ്ക വ്യോമതാവളത്തിലെ വേദിക്കു സമീപമുള്ള പാർക്കിംഗ് മൈതാനത്ത് വൻ തീപിടിത്തം. മുന്നൂറോളം കാറുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. വ്യോമതാവളത്തിലെ അഞ്ചാം നമ്പർ ഗേറ്റിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.17നാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അഗ്നിരക്ഷാസേനയുടെ പത്തോളം യൂണിറ്റുകൾ‌ സ്ഥലത്തെത്തിയാണ് തീയണച്ചത്.

പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലെ ഉ​ണ​ങ്ങി​യ പു​ല്ലും ശ​ക്ത​മാ​യ കാ​റ്റും മൂ​ലം തീ ​അ​തി​വേ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ക​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. തീപിടിക്കാത്ത വാഹനങ്ങൾ പ്രദേശത്തുനിന്ന് മാറ്റിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും ആരോ ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

ബാഡ്മിന്‍റൺ താരം പി.വി. സിന്ധു കോ-പൈലറ്റായി സഞ്ചരിച്ച തേജസ് വിമാനം പറന്നുയർന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് വ്യോമപ്രദർശനം രണ്ടുമണിക്കൂറോളം നിർത്തിവച്ചു. വലിയതോതിൽ പുകയും തീയും ഉയർന്നതോടെ പ്രദർശനം കാണാനെത്തിയവർ പരിഭ്രാന്തരായി. അ​ന്ത​രീ​ക്ഷ​മാ​കെ ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​തി​നാ​ൽ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ സാ​ധി​ച്ചി​ല്ല. അ​ഞ്ചു ദി​വ​സം നീ​ണ്ട എ​യ്റോ ഷോ ​ഇന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ദു​ര​ന്തം.

എയറോ ഇന്ത്യ വ്യോമപ്രദർശനവേദിയിലെ രണ്ടാമത്തെ അപകടമാണിത്. ചൊവ്വാഴ്ച പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീമിന്‍റെ രണ്ടുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റ് മരിച്ചിരുന്നു.