ധീരജവാന് നാടിന്‍റെ ബാഷ്പാഞ്ജലി

08:57 PM Feb 16, 2019 | Deepika.com
ബംഗളൂരു: കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എച്ച്. ഗുരുവിന് ജന്മനാടിന്‍റെ അന്ത്യാഞ്ജലി. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ വൈകുന്നേരം ആറിനു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മന്ത്രിമാരായ എം.ബി. പാട്ടീൽ, സി.എസ്. പുട്ടരാജു, ഡി.സി. തമ്മണ്ണ, മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഇവർക്കു പുറമേ നാടിന്‍റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു പേരാണ് നാടിന്‍റെ വീരപുത്രനെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയത്.

ന്യൂഡൽഹിയിൽ നിന്ന് ഇന്നലെ വ്യോമസേനയുടെ എഎൻ-32 വിമാനത്തിൽ എച്ച്എഎൽ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം സൈനിക ട്രക്കിലാണ് 100 കിലോമീറ്റർ അകലെയുള്ള ഗുഡിഗരെ ഗ്രാമത്തിലെത്തിച്ചത്. കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, എന്നിവർ മൃതദേഹം സ്വീകരിക്കാൻ എച്ച്എഎൽ വിമാനത്താവളത്തിലെത്തിയിരുന്നു. ഗുരുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.