ബംഗളൂരു: വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിൽ നടന്ന ഇന്നവേഷൻ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി എംവിജെ എൻജിനിയറിംഗ് കോളജ് വിദ്യാർഥികളുടെ കണ്ടുപിടുത്തങ്ങൾ. കോളജിലെ സിഎസ്ഇ വിഭാഗം വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത കാഴ്ചപരിമിതർക്കുവേണ്ടിയുള്ള ബി ബുക്ക് ശ്രദ്ധാകേന്ദ്രമായി. എംവിജെ കോളജ് ഓഫ് എൻജിനിയറിംഗിലെ ടിങ്കറിംഗ് ലാബിൽ വികസിപ്പിച്ചെടുത്ത ബി ബുക്ക് വെറും ഓഡിയോ കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്നതാണ്. എൻ. രോഹിത്, ഡി.ജെ. രുചിത എന്നീ വിദ്യാർഥികളാണ് ഇവ രൂപകല്പന ചെയ്തത്.
രണ്ടാമത്തെ പ്രൊജക്ട് ആയ എംവിജെഇസിയുടെ ആംഫിബിയോസ് വിമാനം ദേശീയ എയറോസ്പേസ് കണ്സെപ്റ്റൽ ഡിസൈനിൽ ആദ്യസമ്മാനം നേടി. മറ്റൊന്ന് മുംബൈ എഎടി എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നിന്ന് 201718ലും സമ്മാനർഹമായിരുന്നു. ശ്രീറാം രാധാകൃഷ്ണ, ഹയാത് ഖാൻ, നന്ദകുമാർ ശ്രീകൃഷ്ണ എന്നിവരുൾപ്പെടുന്ന സംഘമാണ് ഈ ആശയത്തിനു പിന്നിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ടെക്നോളജി പ്രഫസർ ഡോ. ബി. വെങ്കടരാമണറെഡ്ഡിയാണ് ഇന്നവേഷൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
ഇന്നവേഷൻ ഫെസ്റ്റിവലിൽ താരമായി എംവിജെ വിദ്യാർഥികൾ
10:36 PM Feb 11, 2019 | Deepika.com