ബംഗളൂരു: മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു തുടക്കമായി. ജനുവരി 11ന് വൈകുന്നേരം 5.15ന് വികാരി ഫാ. മാത്യു പനയ്ക്കകുഴി സിഎംഎഫ് തിരുനാളിനു കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്കും നോവേനക്കും ഫാ. ഡാനിഷ് മഞ്ഞളി സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. ശനിയാഴ്ച രാവിലെ 10.30ന് ഇടവകയിലെ മുതിർന്ന പൗര·ാർക്കും രോഗികൾക്കുമായി നടന്ന പ്രത്യേക ദിവ്യബലിക്ക് വികാരി ഫാ. മാത്യു പനയ്ക്കകുഴി സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം 5.30ന് ദിവ്യബലിക്കും നോവേനക്കും ഫാ.ജോയ് പുതുശേരി മുഖ്യകാർമികനായിരുന്നു.
ജനുവരി 19ന് ഉച്ചയ്ക്ക് 12.30 മുതൽ ഭവനങ്ങളിലേക്ക് അന്പെടുക്കൽ. പ്രധാന തിരുനാൾ ദിനമായ 20ന് രാവിലെ 6.30ന് ദിവ്യബലിക്കു ശേഷം ഭവനങ്ങളിലേക്ക് അന്പെടുക്കൽ. വൈകുന്നേരം നാലിന് തിരുസ്വരൂപം വഹിച്ചുകൊണ്ട് നഗരംചുറ്റി പ്രദക്ഷിണം. തുടർന്ന് ആറിന് ആഘോഷമായ ദിവ്യബലിക്കു ഫാ. പോൾ പൂവത്തിങ്കൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. സജി പരിയപ്പനാൽ തിരുനാൾ സന്ദേശം നല്കും.
ശനി, ഞായർ ദിനങ്ങളിൽ ദേവാലയ അങ്കണത്തിൽ അന്പെടുക്കുവാനും അടിമവയ്ക്കുവാനും സൗകര്യം ഉണ്ടായിരിക്കും. 21നു രാവിലെ ഇടവകയിലെ മരിച്ചവരുടെ ഓർമയാചരണം, സെമിത്തേരി സന്ദർശനം എന്നിവയും തുടർന്ന് കൊടിയിറക്കലും നടക്കുമെന്ന് വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ്, സഹവികാരി ഫാ. റോബിൻ കാഞ്ഞിരത്തിങ്കൽ സിഎംഎഫ് എന്നിവർ അറിയിച്ചു.
മത്തിക്കരെ ദേവാലയത്തിൽ തിരുനാൾ
01:18 AM Jan 15, 2019 | Deepika.com