ബംഗളൂരു: പതിനൊന്നാമത് ബംഗളൂരു ചലച്ചിത്രോത്സവം ഫെബ്രുവരി ഏഴുമുതൽ 14 വരെ നടക്കും. കർണാടക ചലച്ചിത്ര അക്കാദമിയും വിവര പൊതുസന്പർക്ക വകുപ്പും സംയുക്തമായി നടത്തുന്ന ചലച്ചിത്രോത്സവത്തിൻറെ ഉദ്ഘാടനം ഏഴിന് വിധാൻ സൗധ ബാങ്ക്വറ്റ് ഹാളിൽ നടക്കും. രാജാജിനഗർ ഓറിയോണ്‍ മാളിലെ പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിലായാണ് പ്രദർശനം. പ്രകൃതിയുടെ രൗദ്രം എന്നതാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ വിഷയം. ഏഷ്യൻ, ഇന്ത്യൻ, കന്നഡ വിഭാഗങ്ങളിലെ സിനിമകൾക്കൊപ്പം 50 രാജ്യങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്. 800 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗര·ാർ എന്നിവർക്ക് 400 രൂപയാണ് ഫീസ്.
ചലച്ചിത്രോത്സവത്തിന്റെ ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രകാശനം ചെയ്തിരുന്നു. ഇനിമുതൽ എല്ലാ വർഷവും ഫെബ്രുവരിയിലെ ആദ്യ വ്യാഴാഴ്ച ചലച്ചിത്രോത്സവം നടത്താനും തീരുമാനമായിട്ടുണ്ട്.
ബംഗളൂരു ചലച്ചിത്രോത്സവം ഫെബ്രുവരി ഏഴു മുതൽ
08:13 PM Jan 01, 2019 | Deepika.com