റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ 'ഗാന്ധിയൻ' പുഷ്പമേള

11:04 PM Dec 26, 2018 | Deepika.com
ബംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽബാഗിൽ നടക്കുന്ന പുഷ്പമേള ഇത്തവണ വേറിട്ട കാഴ്ചയാകും സമ്മാനിക്കുക. ഇത്തവണ ഗാന്ധിജിയാണ് പുഷ്പമേളയുടെ പ്രമേയം. ഇതിന്‍റെ ഭാഗമായി ലാൽബാഗിലെ ഗ്ലാസ്ഹൗസിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും. കൂടാതെ ലാൽബാഗിന്‍റെ മുന്നിലും പിന്നിലുമായി ഗുജറാത്തിലെ സബർമതി ആശ്രമത്തിന്‍റെയും ഡൽഹിയിലെ രാജ്ഘട്ടിന്‍റെയും പുഷ്പമാതൃക ഒരുക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഗാന്ധിപ്രതിമകളും ദണ്ഡിയാത്ര അടക്കം ഗാന്ധിജിയുടെ ജീവിതത്തിലെ 12 പ്രധാന സംഭവങ്ങളും പുഷ്പങ്ങൾ ഉപയോഗിച്ച് പുനരാവിഷ്കരിക്കും.

പ്രമേയത്തിന്‍റെ പ്രത്യേകത കണക്കിലെടുത്ത് അപൂർവവും വ്യത്യസ്തവുമായ പൂക്കൾ ഉപയോഗിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പിന്‍റെ തീരുമാനം. ഇത്തരം പൂക്കളുടെ പട്ടിക ഉടൻ തയാറാക്കും.