ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചു. നേരത്തെ ബംഗളൂരുവിൽ നിന്ന് 27 സ്പെഷൽ സർവീസുകളും മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് മൂന്നു സർവീസുകളും പ്രഖ്യാപിച്ചിരുന്നു. ഈ ബസുകളിൽ തിരക്കേറിയ സാഹചര്യത്തിലാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. യാത്രാത്തിരക്ക് കൂടുതലുള്ള 21, 22 തീയതികളിലാണ് സ്പെഷൽ സർവീസുകൾ നടത്തുന്നത്. ഇവയിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള പതിവു സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീർന്നതോടെയാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. മണ്ഡലകാലം കൂടി ആയതിനാൽ കേരളത്തിലേക്ക് യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്ന് കർണാടക ആർടിസി അറിയിച്ചു. അവധിക്കു ശേഷം കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്പെഷൽ സർവീസുകൾ നടത്തും.
മൂന്നാറിലേക്കും തേക്കടിയിലേക്കും കർണാടക ആർടിസി സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്.
ക്രിസ്മസ് അവധിക്ക് കേരള ആർടിസിയും ബംഗളൂരുവിൽ നിന്ന് സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്. യാത്രാത്തിരക്ക് കൂടുതലുള്ള ഡിസംബർ 21 മുതൽ 24 വരെ കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് 28 സ്പെഷൽ സർവീസുകളാണ് കേരള ആർടിസി നടത്തുന്നത്. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും.
അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ മാസങ്ങൾക്കു മുന്പേ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. തിരക്ക് മുതലെടുത്ത് സ്വകാര്യബസുകളും ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധി: കർണാടക ആർടിസിക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ
09:09 PM Dec 19, 2018 | Deepika.com