നിരത്തുകൾ കീഴടക്കി ഇരുചക്രവാഹനങ്ങൾ, ഒരുവർഷത്തിനിടെ പെരുകിയത് 8.5 ശതമാനം

07:28 PM Nov 10, 2018 | Deepika.com
ബംഗളൂരു: നഗരത്തിൽ ഇരുചക്രവാഹനങ്ങൾ ക്രമാതീതമായി പെരുകുന്നതായി റിപ്പോർട്ട്. മോട്ടോർവാഹനവകുപ്പ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം നഗരത്തിൽ ഇരുചക്രവാഹനങ്ങളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 8.52 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. 2017- 18 വർഷം നഗരത്തിൽ 51 ലക്ഷം ഇരുചക്രവാഹനങ്ങളാണുള്ളത്. 2016- 2017 കാലയളവിൽ ഇത് 47 ലക്ഷവും അതിനു മുമ്പ് 42 ലക്ഷവുമായിരുന്നു.

അതേസമയം, നഗരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ മാത്രം എണ്ണമാണിത്. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം കൂടി എടുക്കുമ്പോൾ ഇത് 74 ലക്ഷത്തോളമെത്തും. ഇരുചക്രവാഹനങ്ങൾ മൂലം നഗരത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവയെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല.

ഗതാഗതക്കുരുക്കിൽ പെടാതെ പെട്ടെന്ന് ലക്ഷ്യസ്ഥലത്ത് എത്താമെന്നതും ചെറിയ വഴികളിൽ പോലും സഞ്ചരിക്കാമെന്നതുമാണ് ഇരുചക്രവാഹനങ്ങളെ പ്രിയങ്കരമാക്കുന്നത്. കാറുകളെ അപേക്ഷിച്ച് ചിലവ് കുറവാണെന്നതും വാങ്ങുന്നവരുടെ എണ്ണം വർധിക്കാൻ കാരണമാകുന്നു.