+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടണ്‍ ദ്വിതീയ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി

ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വന്‍ഷന്‍ 'അഭിഷേകാഗ്നി 2018' ബെർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്‍ററിൽ തുടക്കം കുറിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ
ഗ്രേറ്റ് ബ്രിട്ടണ്‍ ദ്വിതീയ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്‍വന്‍ഷന്‍ 'അഭിഷേകാഗ്നി 2018' ബെർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്‍ററിൽ തുടക്കം കുറിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവർ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടന സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. അട്ടപാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത്.

സഹനത്തിലൂടെയാണ് ക്രിസ്ത്യാനികൾ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യർ ഖാൻ വട്ടായിൽ വിശ്വാസികളെ ഓർമിപ്പിച്ചു. "ഭൂമിയിൽ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവർ സ്വർഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നൽകി സഭയെ നയിച്ചത് പരിശുദ്ധാതമാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷേകങ്ങളും അഭിഷിക്തരെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു." ഫാ. വട്ടായിൽ കൂട്ടിച്ചേർത്തു.

കവൻട്രി റീജണിൽ ശുശ്രുഷ ചെയ്യുന്ന വൈദികർ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ സഹകാർമികരായി. റീജണൽ ഡയറക്ടർ ഡോ.. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ഫാ സോജി ഓലിക്കൽ, കൺവെൻഷൻ കൺവീനർ ഫാ. ടെറിൻ മുല്ലക്കര, ഡോ. മനോ ജോസഫ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. രണ്ടാം ദിനമായ ഇന്നലെ സ്കോട്ലൻഡിലെ മദർ വെൽ സിവിക് സെന്ററിൽ കൺവൻഷൻ നടന്നു.

24ന് ബുധനാഴ്ച പ്രസ്റ്റണിലെ സെന്‍റ് അല്‍ഫോന്‍സ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിലും 25ന് വ്യാഴാഴ്ച നോറിച്ച് സെന്‍റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27ന് ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്‍ററിലും 28ന് ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ മൂന്നിന് മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന്‍ സെന്‍ററിലും നവംബര്‍ നാലിന് ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്‍ററിലുമാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.

ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകുന്നേരം 5 ന് സമാപിക്കുന്ന കൺവൻഷനിൽ കൂട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്