+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്‌ളീമീസ് കാതോലിക്കാബാവയ്ക്ക് വിയന്നയില്‍ ഉജ്ജ്വലമായ വരവേല്‍പ്പ്

വിയന്ന: മോര്‍ ഇവാനിയോസ് മലങ്കര മിഷന്‍ വിയന്നയുടെ ആറാം വാര്‍ഷികവും എംസിവൈഎം സഭാതല സുവര്‍ണ ജൂബിലി ആഘോഷവും പ്രമാണിച്ച് പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനെത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമ
ക്‌ളീമീസ് കാതോലിക്കാബാവയ്ക്ക് വിയന്നയില്‍ ഉജ്ജ്വലമായ വരവേല്‍പ്പ്
വിയന്ന: മോര്‍ ഇവാനിയോസ് മലങ്കര മിഷന്‍ വിയന്നയുടെ ആറാം വാര്‍ഷികവും എംസിവൈഎം സഭാതല സുവര്‍ണ ജൂബിലി ആഘോഷവും പ്രമാണിച്ച് പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനെത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാബാവ തിരുമേനിക്ക് വിയന്നയിലെ വിശ്വാസ സമൂഹം ഉജ്ജ്വലമായ വരവേല്പ് നല്‍കി.

വിയന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പരിശുദ്ധ ബാവ തിരുമേനിയെ വിയന്നയിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ കാര്യാലയത്തിലെ ഒന്നാം കൗണ്‍സിലര്‍ മോണ്‍സിഞ്ഞോര്‍ ഡോ. ജോര്‍ജ് പനംതുണ്ടില്‍, മലങ്കര സമൂഹത്തിന്റെ ചാപ്ലയിന്‍ ഫാ. തോമസ് പ്രശോഭ് കൊല്ലിയേലില്‍ ഓ.ഐ.സി., മിഷന്റെ ട്രസ്റ്റി പ്രിന്‍സ് പത്തിപ്പറമ്പില്‍ മോര്‍ ഈവാനിയോസ് മലങ്കര മിഷനിലെ മറ്റു അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ ആറാം തിയതി മലങ്കര മിഷന്റെ പള്ളിയായ ബ്രൈറ്റന്‍ഫെല്‍ഡ് ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ദേവാലയത്തില്‍ നടന്ന ആരാധനാപരമായ സ്വീകരണത്തിനുശേഷം ഇടവക വികാരിയും ഡെക്കാനും ആയ ഫാ. ഡോ. ഗ്രിഗോര്‍ യാന്‍സണ്‍ കര്‍ദിനാള്‍ തിരുമേനിക്ക് കത്തിച്ച തിരി നല്‍കി. തുടര്‍ന്ന് ചാപ്ലയിന്‍ ഫാ. തോമസ് പ്രശോഭ് ധൂപാര്‍പ്പണം നടത്തി. മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍, വികാരി ഡോ. ഗ്രിഗോര്‍ യാന്‍സണ്‍, ഫാ. തോമസ് പ്രശോഭ് ഒഐസി , ഫാ.തോമസ് കൊച്ചുചിറ ടിഒആര്‍ , ഫാ. നിക്കോളാസ് OFM Conv., ഫാ. ജിന്റോ സ്‌കറിയ എസ്പി , ഫാ. അനൂപ് തോംസണ്‍, ഡീക്കന്‍ ഷൈന്‍ എസ്പി തുടങ്ങിയവര്‍ കര്‍ദിനാള്‍ തിരുമേനിയോടൊപ്പം സഹകാര്‍മികരായി.

വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വിയന്ന മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ഇടവകയ്ക്ക് വേണ്ടി ഫാ. വില്‍സണ്‍ എബ്രഹാം, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയ്ക്ക് വേണ്ടി ഗബ്രിയേല്‍ റമ്പാന്‍, ഫാ. പോള്‍ എന്നിവരും, കര്‍ദിനാള്‍ തിരുമേനി രക്ഷാധികാരി ആയിരിക്കുന്ന ശാലോം മീഡിയക്കുവേണ്ടി എബ്രഹാം പുതുപ്പള്ളിയും, വിയന്നയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളും പരിശുദ്ധ ബാവ തിരുമേനിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

വിയന്ന അതിരൂപതയുടെ സഹായ മെത്രാന്‍ ബിഷപ് ഡോ. ഫ്രാന്‍സ് ഷാര്‍ല്‍, വത്തിക്കാന്‍ കാര്യാലയത്തിലെ സ്ഥാനപതിയുടെ ഒന്നാം കൗണ്‍സിലറായി കഴിഞ്ഞ മൂന്നു വര്‍ഷത്തോളം സേവനം അനുഷ്ഠിക്കുന്ന മലങ്കര സഭയിലെ തന്നെ മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍, വിയന്ന മലങ്കര യുണിറ്റ് കഴിഞ്ഞ 6 വര്‍ഷങ്ങളായി ആരാധന നടത്തുന്ന ബ്രൈറ്റന്‍ഫെല്‍ഡ് ഇടവകയുടെ വികാരി ഡോ. ഗ്രിഗോര്‍ യാന്‍സണ്‍, ആര്‍ഗെ ആഗ് സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ ക്രാള്‍ജിക്, പ്രൊഫ. ഡോ. ഹാന്‍സ് ജെ. ഫോയ്‌നര്‍ എന്നിവരെ പരിശുദ്ധ ബാവ തിരുമേനി പൊന്നാട അണിയിച്ചു സഭയുടെ ആദരവും കടപ്പാടും അറിയിച്ചു.

2018 ഒക്ടോബര്‍ 1 മുതല്‍ വിയന്ന അതിരൂപതയില്‍ പൗരസ്ത്യ കത്തോലിക്കാ സഭാ സമൂഹങ്ങള്‍ക്ക് വേണ്ടി പുതുതായി സ്ഥാപിതമായ അജപാലന കാര്യാലയത്തിന്റെ (Ordinariate) വികാരി ജനറല്‍ മോണ്‍. യൂറി കൊളാസ, ചാന്‍സിലര്‍ ങമഴ. അന്ത്രയാസ് ലൊട്‌സ് എന്നിവരെ പരിശുദ്ധ ബാവ തിരുമേനി അനുമോദിക്കുകയും പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. അവരുടെ ശുശ്രൂഷയില്‍ പൗരസ്ത്യസഭകള്‍ കൂടുതല്‍ കെട്ടുറപ്പും അജപാലന പുരോഗതിയും കൈവരിക്കട്ടെ എന്ന് കര്‍ദിനാള്‍ തിരുമേനി ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രിയയിലെ രണ്ടാമത്തെ യുണിറ്റ് ആയ ഫോറാല്‍ബെര്‍ഗില്‍ നിന്നും എത്തിയ സമൂഹത്തെ ബാവ തിരുമേനി പ്രത്യേകം പ്രശംസിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി