ബംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് 12 സ്പെഷൽ സർവീസുകൾ നടത്തും. ബംഗളൂരുവിൽ നിന്ന് എട്ടും മൈസൂരുവിൽ നിന്ന് നാലു സർവീസുകളുമാണ് ആർടിസി ഇതുവരെ പ്രഖ്യാപിച്ചത്. ഇവയിൽ തെക്കൻ ഭാഗത്തേക്കുള്ള ബസുകൾ ഹൊസൂർ വഴിയാണ് പോകുന്നത്.
ഒക്ടോബർ 17, 19 തീയതികളിലായാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ റിസർവേഷൻ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് 16 സ്പെഷൽ ബസുകൾ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരക്കനുസരിച്ച് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്പെഷൽ സർവീസുകൾ നടത്തും. കേരള ആർടിസിയും വരുംദിവസങ്ങളിൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
ഇത്തവണ മഹാനവമി വ്യാഴാഴ്ച ആയതിനാൽ അടുപ്പിച്ചു നാലു ദിവസം അവധി കിട്ടുമെന്നതിനാൽ നിരവധിപ്പേരാണ് ഇത്തവണ പൂജ അവധിക്ക് നാട്ടിൽ പോകാനിരിക്കുന്നത്. പൂജ അവധിക്ക് നാട്ടിലേക്കുള്ള ട്രെയിനുകളിലും ഇരുആർടിസികളുടെയും പതിവ് ബസുകളിലും ടിക്കറ്റുകൾ പൂർത്തിയായിരുന്നു. തിരക്ക് മുതലെടുക്കാൻ സ്വകാര്യബസുകൾ നിരക്ക് കുത്തനെ ഉയർത്തിയ സാഹചര്യത്തിൽ സ്പെഷൽ ബസുകളാണ് മലയാളികൾക്ക് ആശ്രയം. അതേസമയം, യാത്രാത്തിരക്ക് കണക്കിലെടുത്ത് ഒക്ടോബർ 17ന് കർണാടക ആർടിസി 35 മുതൽ 63 ശതമാനം വരെ നിരക്കുയർത്തിയിട്ടുണ്ട്.
പൂജ അവധി: കർണാടക ആർടിസിക്ക് 12 സ്പെഷൽ സർവീസുകൾ
10:04 PM Oct 04, 2018 | Deepika.com