ഹൈക്കോടതിയുടെ അന്ത്യശാസനം: കുഴിയടയ്ക്കാൻ തീവ്രയജ്ഞം

11:50 PM Sep 24, 2018 | Deepika.com
ബംഗളൂരു: നഗരത്തിലെ റോഡുകളിലെ കുഴികൾ തിങ്കളാഴ്ചയ്ക്കുള്ളിൽ നികത്തണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്കിയ സാഹചര്യത്തിൽ കുഴിയടയ്ക്കൽ ജോലികൾ പൂർത്തിയാക്കാൻ കോർപറേഷൻ തീവ്രശ്രമത്തിൽ. ബിബിഎംപിയുടെ കണക്ക് പ്രകാരം 3071 കുഴികളാണ് നഗരത്തിൽ നികത്താനുണ്ടായിരുന്നത്. ഇവ നികത്താനുള്ള ജോലികൾ നടന്നുവരികയാണ്. വ്യാഴാഴ്ച 899 കുഴികളും വെള്ളിയാഴ്ച 517 കുഴികളുമാണ് നികത്തിയത്. ഓരോ സോണിന്‍റെയും ചുമതലയുള്ള എൻജിനിയർമാർക്കാണ് ഇതിന്‍റെ ചുമതല നല്കിയിരിക്കുന്നത്.

റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ബംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ അന്ത്യശാസനം. തിങ്കളാഴ്ചയ്ക്കുള്ളിൽ കുഴികൾ നികത്തിയില്ലെങ്കിൽ കരാറുകാരുടെ പേരുവിവരങ്ങൾ‌ നല്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. കോർപറേഷന്‍റെ അടിസ്ഥാന ചുമതലകൾ പോലും നിർവഹിക്കാൻ ജനങ്ങൾ കോടതിയിൽ പൊതുതാത്പര്യഹർജികൾ നല്കേണ്ട അവസ്ഥയാണെന്നും കോടതി വിമർശനമുന്നയിച്ചു.

ജൂലൈയിൽ നഗരത്തിലെ റോഡുകളിലെ മുഴുവൻ കുഴികളും നികത്തണമെന്ന് ബംഗളൂരുവിന്‍റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വര കോർപറേഷന് നിർദേശം നല്കിയിരുന്നു. ഇതേത്തുടർന്ന് നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ കോർപറേഷൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നുവെങ്കിലും കനത്ത മഴയാണ് ഇതിനു തടസമായത്. വെള്ളക്കെട്ടിനെ തുടർന്ന് പലയിടങ്ങളിലും വീണ്ടും കുഴികൾ രൂപപ്പെട്ടു.

ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും പതിവാണ്. എംജി റോഡ്, മൈസൂരു റോഡ്, ഹൈക്കോടതി റോഡ്, കോറമംഗല, രാജരാജേശ്വരി നഗർ എന്നിവിടങ്ങളിലാണ് കുഴികൾ കൂടുതലായുമുള്ളത്. ഓഗസ്റ്റിൽ മാത്രം 22,662 കുഴികൾ നഗരത്തിലെ റോഡുകളിൽ ഉണ്ടായതായാണ് കോർപറേഷന്‍റെ കണക്ക്. സെപ്റ്റംബറിൽ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിലെ ഓവുചാലുകൾ കോർപറേഷൻ നവീകരിച്ചിരുന്നു. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാൻ ഒരു പരിധിവരെ ഇത് സഹായകരമായി.