+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ഒക്ടോബർ ഫെസ്റ്റിന് തുടക്കമായി

മ്യൂണിക്ക്: ലോകപ്രശസ്ത ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ ബവേറിയൻ സംസ്ഥാനത്തിന്‍റെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കിൽ ശനിയാഴ്ച രാവിലെ 11 ന് തുടക്കം കുറിച്ചു. നഗരത്തിന്‍റെ മേയർ ഡീറ്റർ റൈറ്റർ ഫെസ്റ്റ് ഉദ്ഘാടനം
ജർമനിയിൽ ഒക്ടോബർ ഫെസ്റ്റിന് തുടക്കമായി
മ്യൂണിക്ക്: ലോകപ്രശസ്ത ഒക്ടോബർ ഫെസ്റ്റിന് ജർമനിയിലെ ബവേറിയൻ സംസ്ഥാനത്തിന്‍റെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കിൽ ശനിയാഴ്ച രാവിലെ 11 ന് തുടക്കം കുറിച്ചു. നഗരത്തിന്‍റെ മേയർ ഡീറ്റർ റൈറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒസാപ്ഫ്റ്റ് എന്നുറക്കെ വിളിച്ചുപറഞ്ഞാണ് ബിയർ ഫാസ് തുറന്നു മേള ഉദ്ഘാടനം ചെയ്തത്. ബവേറിയൻ സാംസ്കാരിക ഭൂമികയിൽ നിർണായക സാന്നിധ്യമായ ഒക്ടോബർ ഫെസ്റ്റിന്‍റെ നൂറ്റിയെണ്‍പത്തിയഞ്ചാമത് എഡിഷനാണിത്.

ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ മുൻപെങ്ങുമില്ലാത്ത വിധം ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഫെസ്റ്റിന് ജർമനി ഇത്തവണ നേരത്തെതന്നെ തയാറെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു.

മ്യൂണിക്ക് നഗര ഭരണകൂടത്തിനും പോലീസിനുമാണ് സുരക്ഷാ ചുമതല. അറുപതു ലക്ഷത്തിലധികം പേർ ഫെസ്റ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ജർമൻ നഗരങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ഇത്രയധികം വർധിപ്പിച്ചിരിക്കുന്നത്.

ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി മേയർ ഡീറ്റർ റൈറ്റർ അറിയിച്ചു. എന്നാൽ, ഇതൊന്നും ആഘോഷ പരിപാടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ തന്നെയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഉറപ്പു നൽകി.

പതിവുകാർക്കു പോലും ഓരോ സന്ദർശനത്തിലും പുതിയ കാഴ്ചകൾ നൽകുന്ന ബിയർ ഉത്സവമാണ് ഒക്ടോബർ ഫെസ്റ്റ്. ആയിരത്തിലധികം പേരടങ്ങുന്ന പരേഡോടെ ശനിയാഴ്ച ഇതിനു തുടക്കമായത്. ജർമൻ പാരന്പര്യത്തിന്‍റെ ഒരു ആഘോഷകാലം കൂടിയാണ് തുടങ്ങിയത്.

വിവിധ തരം ബിയറുകളുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കൂറ്റൻ ടെന്‍റുകളാണ് ഇവിടെ ഉയർന്നിട്ടുള്ളത്. ബവേറിയയിലെ ഏറ്റവും പഴക്കവും പാരന്പര്യവുമുള്ള ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള ബിയറുകൾ മാത്രമേ ഇവിടെ കിട്ടൂ. പുറത്തു കിട്ടുന്ന ബിയറിനെക്കാൾ ലഹരി കൂടുതലായിരിക്കും ഇതിന്. മധുരവും കാർബണേഷനും കൂടുന്പോൾ രുചി കൂടി. ആ രുചി പിടിച്ച് പതിവിൽ കൂടുതൽ കുടിച്ചാൽ പണി കിട്ടുകയും ചെയ്യും. ബിയറിനൊപ്പം നുണയാൻ അത്യാവശ്യം രുചിയുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും.ബാഗുകൾക്കും തോൾ സഞ്ചികൾക്കും മറ്റും സന്ദർശന നഗരിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആറു മില്യൺ സന്ദർശകരെയാണ് സംഘാടകർ ഇത്തവണ പ്രതീക്ഷിക്കുന്നത്.സെപ്റ്റംബർ 22 ന് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഫോക്സ് ഫെസ്റ്റായി വിശേഷിപ്പിയ്ക്കപ്പെടുന്ന ബിയർ മേളയ്ക്ക് ഒക്ടോബർ 7 ന് സമാപനം കുറിക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ