ചൈനയുമായി മത്സരിക്കാം: പദ്ധതിക്കായി 500 കോടി

12:04 AM Sep 11, 2018 | Deepika.com
ബംഗളൂരു: വ്യാവസായിക മേഖലയിലെ വികസനം ലക്ഷ്യമിട്ട് കർണാടക സർക്കാർ ആവിഷ്കരിച്ച 'ചൈനയുമായി മത്സരിക്കാം' പദ്ധതിക്കായി 500 കോടി രൂപ വിലയിരുത്തി. കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ച പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുമായാണ് തുക വകയിരുത്തിയത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കർണാടകയുടെ വ്യാവസായിക രംഗത്ത് വൻ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

കാലാബുരാഗി, ചിത്രദുർഗ, ഹാസൻ, മൈസൂരു, കൊപ്പാൽ, ബല്ലാരി, ചിക്കബല്ലാപുർ, തുമകുരു, ബിദാർ തുടങ്ങിയ ജില്ലകളിലായാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. പിന്നീട് എല്ലാ ജില്ലകളിലെയും വ്യാവസായിക മേഖലകളെ പദ്ധതിയിൽ ഉൾപ്പെടുത്തും. ഇലക്ട്രോണിക് ഹാർ‌ഡ്‌വെയർ, സൗരോർ‌ജ പാനൽ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നിർമിക്കുന്ന വ്യാവസായിക കേന്ദ്രങ്ങളാണ് പദ്ധതിയിലുള്ളത്.