സുവർണരഥം: സർവീസുകളുടെ എണ്ണം കൂട്ടുന്നു

11:34 PM Aug 14, 2018 | Deepika.com
ബംഗളൂരു: ദക്ഷിണേന്ത്യയിലെ ഏക ആഡംബര ട്രെയിൻ സർവീസായ സുവർണരഥത്തിന്‍റെ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനം. സുവർണരഥത്തിന്‍റെ പത്താം വാർഷികത്തിൽ കൂടുതൽ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കെഎസ്ടിഡിസിയുടെ ഈ നടപടി. ഒക്ടോബറിനും മാർച്ചിനുമിടയിലായിരിക്കും കൂടുതൽ സർവീസുകൾ നടത്തുക. കൂടാതെ ദസറ ആഘോഷവേളയിലും അധികസർവീസുകൾ നടത്തും. ഇതോടൊപ്പം യാത്രക്കാരെ ആകർഷിക്കുന്നതിനായി പരസ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

2008ലാണ് സുവർണരഥം സർവീസ് ആരംഭിച്ചത്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇതിനു പിന്നാലെ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ സുവർണരഥത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ടിഡിസി.

ബംഗളൂരുവിൽ നിന്ന് കബനി, മൈസൂരു, ഹാസൻ, ഹംപി, ബദാമി, ഗോവ എന്നിവിടങ്ങളിലൂടെയും ചെന്നൈ, മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂർ, മധുര, തിരുവനന്തപുരം, കോവളം, കൊച്ചി എന്നിവിടങ്ങളിലൂടെയുമാണ് സുവർണരഥം കടന്നുപോകുന്നത്.