ബംഗളൂരു: ഉദ്യാനനഗരിക്ക് പൊൻവസന്തം വിരിയിച്ച് ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാവർഷവും സംഘടിപ്പിക്കുന്ന പുഷ്പമേള ഇത്തവണ സായുധസേനകൾക്കുള്ള സമർപ്പണമായാണ് നടത്തുന്നത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുഷ്പമേള ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവൻ ബലികഴിച്ച ധീരരക്തസാക്ഷികൾക്കായുള്ള പുഷ്പാർച്ചനയാണ് മേളയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിലെ അമർ ജവാൻ ജ്യോതിയുടെ മാതൃകയാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകർഷണം. ഇന്ത്യൻ സൈന്യത്തിൻറെ വിവിധ യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലായ വിക്രമാദിത്യ, ആകാശ് ബ്രഹ്മോസ് മിസൈലുകൾ, ജിസ്എൽവി പിഎസ്എൽവി ഉപഗ്രഹങ്ങൾ എന്നിവയുടെ പുഷ്പമാതൃകകളും പ്രദർശനത്തിലുണ്ട്.
അരലക്ഷത്തോളം വ്യത്യസ്തയിനം പുഷ്പങ്ങളാണ് ഇത്തവണ മേളയിൽ അണിനിരക്കുന്നത്. 15,000 പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയ വെർട്ടിക്കൽ ഗാർഡനും ഏറെ ആകർഷകമാണ്. ഒന്നര ലക്ഷത്തോളം ഡച്ച് റോസാപുഷ്പങ്ങളാണ് വിവിധ മാതൃകകൾ നിർമിക്കാനായി ഒരുക്കിയിരിക്കുന്നത്. പതിനഞ്ചോളം വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ഇവ നിർമിച്ചത്.
എണ്പത്തിയഞ്ചു വർഷം പൂർത്തിയാക്കുന്ന കന്നഡ സിനിമയ്ക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള പവിലിയനാണ് മേളയുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. പഴയകാലത്തെ മൂവി കാമറകൾ, ഫിലിം റോളുകൾ, പ്രൊജക്ടറുകൾ എന്നിവയും ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കന്നഡ സിനിമയുടെ നാഴികക്കല്ലുകൾ വിവരിക്കുന്ന പുഷ്പനിർമിതികളും പവിലിയനിൽ ഒരുക്കിയിട്ടുണ്ട്.
പുഷ്പമേളയോടനുബന്ധിച്ച് കർശന സുരക്ഷയാണ് ലാൽബാഗിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഇതിനായി ഹോർട്ടികൾച്ചർ വകുപ്പ് നിയമിച്ചിട്ടുണ്ട്. സന്ദർശകർ പാലിക്കേണ്ട നിബന്ധനകൾ പ്രത്യേകം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. ശാന്തിനഗർ ബസ് സ്റ്റേഷൻ, ജെസി റോഡിലെ ബംഗളൂരു കോർപറേഷൻറെ പാർക്കിംഗ് കേന്ദ്രം, അൽഅമീൻ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ശാരീരിക ന്യൂനതയുള്ളവരുടെ വാഹനങ്ങൾക്കു മാത്രമേ ലാൽബാഗിനുള്ളിൽ പ്രവേശനമുണ്ടായിരിക്കൂ.
മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മേള 15ന് സമാപിക്കും.
ഇത്തവണ ആറുലക്ഷത്തോളം പേർ പുഷ്പമേളയ്ക്കെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നു മാത്രം ഒരു ലക്ഷത്തോളം പേരാണ് പുഷ്പമേളയിൽ പങ്കെടുത്തത്.
ധീരജവാന്മാർക്ക് ആദരമർപ്പിച്ച് ലാൽബാഗ് പുഷ്പമേള
08:18 PM Aug 07, 2018 | Deepika.com